ഫാ. തെയോഫിന്‍ പാണ്ടിപ്പിള്ളി ധന്യന്‍ പദവിയില്‍

 
father



റോം: തന്റെ ജീവിത കാലത്തു തന്നെ 'പുണ്യാളനച്ച'നെന്ന വിളി പേര് സ്വന്തമാക്കുകയും തീക്ഷ്ണതയാര്‍ന്ന പ്രവര്‍ത്തനങ്ങളും കൊണ്ട് കേരള ഫ്രാന്‍സിസ് സേവ്യറെന്നും അറിയപ്പെട്ട കപ്പൂച്ചിന്‍ വൈദികന്‍ തെയോഫിന്‍ പാണ്ടിപ്പിള്ളിയെ, ധന്യന്‍ പദവിയിലേക്ക് ലെയോ പതിനാലാമന്‍ പാപ്പ ഉയര്‍ത്തി. ഇത് സംബന്ധിച്ച ഡിക്രി, വിശുദ്ധരുടെ നാമകരണ കാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി ഇന്നലെ ഫെബ്രുവരി ഇരുപത്തിയൊന്നാം തീയതി, പാപ്പായുടെ അംഗീകാരത്തോടെ പ്രസിദ്ധപ്പെടുത്തി.

1913 ജൂലൈ ഇരുപതാം തീയതി കോട്ടപ്പുറത്താണ് ധന്യന്‍ തെയോഫിന്‍ ജനിച്ചത്. മൈക്കല്‍ എന്ന പേരില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച അദ്ദേഹം, 1929 ല്‍ വരാപ്പുഴ അതിരൂപതയുടെ മൈനര്‍ രൂപത സെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്ന്, ഫ്രാന്‍സിസ് അസീസ്സിയുടെ തീക്ഷ്ണമായ ജീവിതത്തെയും ആത്മീയതയെയും കുറിച്ചുള്ള ആഴത്തിലുള്ള ഗ്രാഹ്യം അദ്ദേഹത്തെ കപ്പൂച്ചിന്‍ സന്യാസ സമൂഹത്തിലേക്ക് നയിച്ചു. 1933 ഒക്ടോബര്‍ 31ന് അദ്ദേഹം കപ്പൂച്ചിന്‍ സന്യാസ സമൂഹാംഗമായി മാറുകയും, തെയോഫിന്‍ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. 1941 ഏപ്രില്‍ 20ന് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു.

ഏറ്റവും ആദരണീയനായ കപ്പൂച്ചിന്‍ പ്രസംഗകരില്‍ ഒരാളായി കണക്കാക്കപ്പെട്ടിരുന്ന അദ്ദേഹം ദാരിദ്ര്യത്തിന്റെ ആത്മാവിനെ എപ്പോഴും തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി. ഒരു അദ്ധ്യാപകനെന്ന നിലയില്‍, അദ്ദേഹം എപ്പോഴും ശ്രദ്ധാലുവും വിദ്യാര്‍ത്ഥികളുടെ ആശയക്കുഴപ്പങ്ങളും സംശയങ്ങളും വ്യക്തമാക്കാന്‍ സന്നദ്ധനുമായിരുന്നു. 55 വര്‍ഷത്തെ ജീവിതത്തില്‍ 27 വര്‍ഷവും പൗരോഹിത്യജീവിതത്തിനായി ഉഴിഞ്ഞുവച്ചു. തന്നെ കാണുന്നവര്‍ക്ക് ക്രിസ്തുവിന്റെ സമാശ്വാസം പകര്‍ന്നുനല്‍കി.

ജീവിതത്തിന്റെ അവസാനത്തെ 10 വര്‍ഷം അദ്ദേഹം ചെലവഴിച്ചത് പൊന്നുരുന്നിയിലെ ആശ്രമത്തിലായിരുന്നു. ആശ്രമവും വിശുദ്ധ പത്താം പീയൂസ് ദേവാലയവും പണിതുയര്‍ത്തിയത് അച്ചന്റെ നേതൃത്വത്തിലായിരുന്നു. എത്ര അസുഖമായിരുന്നാലും തന്നെ ആവശ്യമുള്ളിടത്തൊക്കെ അദ്ദേഹം ഓടിയെത്തി. 1968 ഏപ്രില്‍ 4ന്, നിത്യ സമ്മാനത്തിന് യാത്രയായി. 2001 ഏപ്രില്‍ അഞ്ചിന് ഫാ. തിയോഫിനെ ദൈവദാസനായി വത്തിക്കാന്‍ തിരുസംഘം പ്രഖ്യാപിച്ചു.

Tags

Share this story

From Around the Web