ഫാ. തോമസ് പതിക്കലിന്റെ ജീവിതം ദിവ്യകാരുണ്യഭക്തിയുടെയും തിരുസഭാനുസരണത്തിന്റെയും ഉജ്ജ്വല സാക്ഷ്യം: മാർ ജോസഫ് പാംപ്ലാനി
വിളക്കന്നൂർ: ഫാ. തോമസ് പതിക്കലിന് നൽകാവുന്ന ഏറ്റവും വലിയ ആദരം പരിശുദ്ധ കുർബാനയെ കൂടുതൽ സ്നേഹിക്കുകയും വിശുദ്ധ ബലിയർപ്പണത്തിൽ വിശ്വാസപൂർവം പങ്കുചേരുകയും ദൈവസാന്നിധ്യം അനുഭവിക്കുന്ന ജീവിതം നയിക്കുകയുമാണെന്നും ലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി. ഇന്നലെ ഫാ. തോമസ് പതിക്കലിന്റെ മൃതസംസ്കാര ശുശ്രൂഷയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഫാ. തോമസ് പതിക്കൽ എല്ലാ മനുഷ്യരെയും സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത വൈദികനായിരുന്നുവെന്നും, അദ്ദേഹം ശുശ്രൂഷ ചെയ്ത ഓരോ ഇടവകയിലും വിശ്വാസികളുടെ മനസ്സിൽ മായാത്ത സ്നേഹത്തിന്റെ മുദ്ര പതിപ്പിച്ചുവെന്നും ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു.
വിശുദ്ധ ഗ്രന്ഥത്തോടും പഠനത്തോടും സാങ്കേതിക വിദ്യയോടും വലിയ താത്പര്യമുണ്ടായിരുന്ന അദ്ദേഹം എപ്പോഴും നവീന ചിന്തകൾ സ്വീകരിക്കാൻ തയ്യാറായ വ്യക്തിത്വമായിരുന്നു. ദൈവത്തെ കണ്ടെത്താനുള്ള നിരന്തരമായ അന്വേഷണമായിരുന്നു ഫാ. തോമസ് പതിക്കലിന്റെ ജീവിതത്തിന്റെ കേന്ദ്രം. ദിവ്യകാരുണ്യത്തോടുള്ള അദ്ദേഹത്തിന്റെ ഭക്തി അനേകരെ ക്രിസ്തുവിലേക്കും വിശ്വാസജീവിതത്തിലേക്കും നയിച്ചുവെന്നും ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.
ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ലഭിച്ച ആത്മീയാനുഭവങ്ങൾ ഒരിക്കലും വ്യക്തിപരമായി ഉയർത്തിക്കാട്ടാൻ അദ്ദേഹം ശ്രമിച്ചിരുന്നില്ല. അവയുടെ സത്യാവസ്ഥ പ്രഖ്യാപിക്കേണ്ടത് തിരുസഭയാണെന്ന വിനയത്തോടെയും അനുസരണത്തോടെയും അദ്ദേഹം നിലകൊണ്ടു. വ്യക്തിപരമായ അനുഭവങ്ങളെക്കാൾ തിരുസഭയുടെ വിധിക്ക് പ്രാധാന്യം നൽകിയ അദ്ദേഹത്തിന്റെ സമീപനം വിശ്വാസികൾക്ക് മാതൃകയാണെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
പരിശുദ്ധ കുർബാനയാണ് ഏറ്റവും വലിയ ദിവ്യകാരുണ്യ അത്ഭുതമെന്നും, എല്ലാ വിശുദ്ധ കുർബാനയിലും ക്രിസ്തു യഥാർത്ഥത്തിൽ സന്നിഹിതനാണെന്ന വിശ്വാസമാണ് ക്രൈസ്തവജീവിതത്തിന്റെ അടിസ്ഥാനമെന്നും ആര്‍ച്ച് ബിഷപ്പ് ഓർമിപ്പിച്ചു. ഫാ. തോമസ് പതിക്കലിന്റെ ജീവിതം ഈ സത്യത്തിലേക്കാണ് വിശ്വാസികളെ കൂടുതൽ ആഴത്തിൽ നയിച്ചതെന്നും മാർ ജോസഫ് പാംപ്ലാനി സന്ദേശത്തില്‍ പറഞ്ഞു.