ഫാ. ആന്‍ഡ്രിയൂസ് റുഡാമിന ഭാരതത്തില്‍ എത്തിയതിന്റെ നാനൂറാം ആഘോഷത്തില്‍ പരിശുദ്ധ പിതാവ് ആശംസകള്‍ നേര്‍ന്നു

വത്തിക്കാന്‍:യേശുവിനു വേണ്ടി പ്രേഷിതപ്രവര്‍ത്തനം നടത്തുന്നതിനായി രാഷ്ട്രീയ പദവി ഉപേക്ഷിച്ചുകൊണ്ട്, ഈശോസഭയിലെ വൈദികനായ ലിത്വാനിയക്കാരനായ ഫാ. ആന്‍ഡ്രിയൂസ് റുഡാമിന ഭാരതത്തില്‍ എത്തിയതിന്റെ നാനൂറാം വാര്‍ഷികം ഗോവയില്‍ നടത്തും.
തദവസരത്തില്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന വിശ്വാസി സമൂഹത്തിനു ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടും, ഫാ. ആന്‍ഡ്രിയൂസ് റുഡാമിനയുടെ ജീവിതം സുവിശേഷവല്‍ക്കരണത്തിനായുള്ള സമര്‍പ്പണത്തിന്റെ ഉദാഹരണമാണെന്നു എടുത്തുകാണിച്ചുകൊണ്ടും, ലിയോ പതിനാലാമന്‍ പാപ്പാ ടെലിഗ്രാം സന്ദേശമയച്ചു.
ഗോവ രൂപതയുടെ മെത്രാപ്പോലീത്ത, കര്‍ദിനാള്‍ ഫിലിപ്പെ നേരിയെ അഭിസംബോധന ചെയ്തുകൊണ്ട്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടിയാണ് സന്ദേശം അയച്ചിരിക്കുന്നത്.
വാര്‍ഷികാഘോഷത്തിനായി, ഗോവയിലെ കത്തീഡ്രലില്‍ ഒത്തുചേരുന്ന വിശ്വാസി സമൂഹത്തിനു പാപ്പാ ഹൃദയംഗമമായ ആശംസകള്‍ നേരുന്നതോടൊപ്പം, ഫാ. ആന്‍ഡ്രിയൂസ് നല്‍കിയ സാക്ഷ്യത്തിന് ദൈവത്തോടു നന്ദി പറയുമ്പോള്‍, താനും വിശ്വാസികള്‍ക്കൊപ്പം ഒന്നുചേരുന്നുവെന്നു എടുത്തുപറഞ്ഞു. സമകാലിക ലിത്വാനിയയില്‍, ഫാ. ആന്‍ഡ്രിയൂസിന്റെ ഉറച്ച കത്തോലിക്കാ വിശ്വാസസാക്ഷ്യം, വിശ്വാസികള്‍ക്കിടയില്‍ അനുഭവിക്കുവാന്‍ സാധിക്കുന്നുണ്ടെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
സുവിശേഷത്തിന്റെ രക്ഷാസന്ദേശം എല്ലാ ജനതകളിലേക്കും എത്തിക്കുന്നതിനു ഫാ. ആന്‍ഡ്രിയൂസ് കാട്ടിയ ധൈര്യവും, ആത്മസമര്‍പ്പണവും, സമാനമായ ക്ഷമയോടെയും, ചാതുര്യത്തോടെയും സുവിശേഷം പ്രഘോഷിക്കുവാന്‍ ഇന്നത്തെ കാലഘട്ടത്തിലെ അനേകര്‍ക്ക് പ്രചോദനമാകട്ടെയെന്നും പാപ്പാ ആഹ്വാനം ചെയ്തു.
ഫാ. റുഡാമിനയുടെ മിഷനറി തീക്ഷ്ണതയുടെയും, സംഭാഷണത്തിന്റെയും, സാംസ്‌കാരിക സംയോജനത്തിന്റെയും, ശ്രദ്ധേയമായ പൈതൃകത്തിന്റെയും സുവിശേഷ പ്രഘോഷണ മാതൃക, പ്രത്യാശയെ അടിസ്ഥാനമാക്കിയ ഈ ജൂബിലി വര്‍ഷത്തില്‍ സാഹോദര്യ ഐക്യത്തിന്റെയും അനുരഞ്ജനത്തിന്റെയും മാതൃകയായി, മതസൗഹാര്‍ദ്ദവും, സംഭാഷണങ്ങളും ത്വരിതപ്പെടുത്തുവാന്‍ സഹായകരമാകട്ടെയെന്നും, അത് പ്രാദേശിക സഭയ്ക്ക് ഒരു പ്രോത്സാഹനമാകട്ടെയെന്നും പാപ്പാ ആശംസിച്ചു. തന്റെ അപ്പസ്‌തോലിക അനുഗ്രഹം നല്‍കിക്കൊണ്ടാണ് ടെലിഗ്രാം സന്ദേശം ഉപസംഹരിക്കുന്നത്.