മലയാള മണ്ണിനെ ആത്മീയ നവീകരണത്തിലേക്ക്‌നയിച്ച ഫാ. മാത്യു നായ്ക്കംപറമ്പിലിന് ആദരം
ചാലക്കുടി: പോട്ടയുടെയും ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെയും വിശുദ്ധ മണ്ണിലൂടെ കേരളത്തെ ആത്മീയ നവീകരണത്തിലേക്ക് നയിക്കുന്നതിന് നേതൃത്വം നല്‍കിയ ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ പൗരോഹിത്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചു.
മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നടന്ന സുവര്‍ണ്ണ ജൂബിലി സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്ത് ഫാ. മാത്യുനായ്ക്കംപറമ്പിലിനെ ഷാള്‍ അണിയിച്ചു. ഡോക്ടര്‍മാര്‍ വോയിസ് റെസ്റ്റ് നിര്‍ദ്ദേശിച്ചിരിക്കുന്നതിനാല്‍ മറ്റൊരു ദിവസം പ്രസംഗിക്കാന്‍ വരുമെന്ന് മുഖ്യമന്ത്രിയുടെ വാക്കുകള്‍ ബെന്നി ബഹന്നാന്‍ എം.പി വായിച്ചത് സദസ് ഹര്‍ഷാവരത്തോടെയാണ് എതിരേറ്റത്.
മുഖ്യമന്ത്രിക്കും കേരളത്തിനും വേണ്ടി ഫാ. മാത്യു നായ്ക്കംപറമ്പില്‍ പ്രാര്‍ത്ഥിച്ചു. സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. നാലു പ്രാവശ്യം ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനം കൂടിയിട്ടുണ്ടെന്ന് മന്ത്രി മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ മുഖ്യാഥിതിയായിരുന്നു. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ഡിവൈനില്‍ ധ്യാനംകൂടിയ അനുഭവം മന്ത്രി പങ്കുവച്ചു. ഫാ. മാത്യു നായ്ക്കംപറമ്പില്‍ സ്മാരക ഡിവൈന്‍ സ്‌കൂള്‍ ഓഫ് ഇവാഞ്ചൈലൈസേഷന്‍ മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു.
ഫാ. മാത്യു നായ്ക്കംപറമ്പില്‍ വഴി തന്റെ അമ്മക്ക് ലഭിച്ച അത്ഭുത രോഗ സൗഖ്യം ജോസ് കെ മാണി എം.പി പങ്കുവച്ചു.
ചീഫ്വിപ്പ് അപു ജോണ്‍ ജോസഫ്, ബെന്നി ബഹന്നാന്‍ എം.പി, എംഎല്‍എ മാരായ തോമസ് ഉണ്ണിയാടന്‍, സനീഷ് കുമാര്‍ ജോസഫ്, ടോണി ചമ്മിണി, ചാണ്ടി ഉമ്മന്‍, ചാലക്കുടി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ആലിസ് ഷിബു, വത്തിക്കാനിലെ കാരിസ് ഇന്റര്‍നാഷലിന്റെ ഏഷ്യയില്‍നിന്നുള്ള പ്രതിനിധി ഷെവ. സിറില്‍ ജോണ്‍, ഫാ. മാത്യു തടത്തില്‍ വി.സി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഫാ. മാത്യു നായ്ക്കംപറമ്പില്‍ വി.സി മറുപടി പ്രസംഗം നടത്തി. ഫാ. ജോര്‍ജ് പനയ്ക്കല്‍ വി.സി കൃതജ്ഞത പറഞ്ഞു.
കഴിഞ്ഞ 50 വര്‍ഷമായി കേരളത്തില്‍ വചനമഴപെയ്യിക്കുന്നതിന് നേതൃത്വം നല്‍കിവരുന്ന നായ്ക്കംപറമ്പിലച്ചന് ആശംസകള്‍ നേരാന്‍ ജാതി-മതഭേദമില്ലാതെ സമൂഹത്തിന്റെ നാനാതുറകളില്‍ ഉള്ളവര്‍ എത്തിയിരുന്നു.