ആധ്യാത്മികതയും ആതുരസേവനവും സമന്വയിപ്പിച്ച് ശുശ്രൂഷ ചെയ്ത ഫാ. ജോസഫ് ചിറ്റൂര്‍ വിടവാങ്ങി

 
achan



മാനന്തവാടി: ആധ്യാത്മികതയും ആതുരസേവനവും സമന്വയിപ്പിച്ച് ആറു പതിറ്റാണ്ടുകാലം മിഷ്ണറി പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ മാനന്തവാടി രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. ജോസഫ് ചിറ്റൂര്‍ (90) നിര്യാതനായി. മൃതസംസ്‌കാര ശുശ്രൂഷ നാളെ (4/11/2026) ബുധനാഴ്ച്ച രാവിലെ 10:30 ന് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. വൈദിക ശുശ്രൂഷയ്‌ക്കൊപ്പം തന്നെ ആരോഗ്യരംഗത്തും പാരമ്പര്യ ഔഷധ വിജ്ഞാന മേഖലയിലും സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയ ഫാ. ജോസഫ് ചിറ്റൂര്‍ ജാതി മതഭേദമന്യേ ഏവര്‍ക്കും സ്വീകാര്യനായിരിന്നു. ആചാര്യ വിനോബഭാവെ നാഷണല്‍ അവാര്‍ഡും സി.പി.സി.ഐ (CPCI) നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡും ഉള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

1936 സെപ്റ്റംബര്‍ 20-ന് കോട്ടയം ജില്ലയിലെ കുറവിലങ്ങാട് മാര്‍ത്തമറിയം ഇടവകയില്‍ ചിറ്റൂര്‍ വര്‍ക്കി-മോണിക്ക ദമ്പതികളുടെ അഞ്ചു മക്കളില്‍ ഏറ്റവും ഇളയ മകനായിട്ടാണ് ജോസഫ് അച്ചന്റെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഒരു ഇടവക വൈദികനാകണമെന്ന ആഗ്രഹത്തോടെ തലശ്ശേരി രൂപതാ സെമിനാരിയില്‍ ചേര്‍ന്ന് പഠനമാരംഭിച്ചു. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലെ വൈദിക പരിശീലനത്തിനുശേഷം 1964 ഡിസംബര്‍ 1-ന് ബോംബെയില്‍ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ വെച്ചാണ് വൈദികപട്ടം സ്വീകരിച്ചത്.

സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചശേഷം തലശ്ശേരി അതിരൂപതയിലെ കണിച്ചാര്‍, കുന്നോത്ത്, കൂടരഞ്ഞി, കര്‍ണാടകയിലെ നരസിംഹരാജപുരം, എന്‍.ആര്‍.പുരം, മാനന്തവാടി രൂപതയിലെ ദീപ്തിഗിരി, കാവുംമന്ദം, സീതാമൗണ്ട് എന്നീ ഇടവകകളിലും വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ (WSSS) ഡയറക്ടറായും അദ്ദേഹം സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചു.

വിശ്വാസ പരിശീലനത്തില്‍ നൂതന മാര്‍ഗ്ഗങ്ങളെക്കുറിച്ച് പഠിക്കാന്‍ അദ്ദേഹം എപ്പോഴും താല്‍പര്യപ്പെട്ടിരുന്നു. തുടര്‍പഠനത്തിനായി ഫിലിപ്പീന്‍സിലെ അത്തനെയോ ഡി മനില (Ateneo de Manila) സര്‍വകലാശാലയില്‍ അവസരം ലഭിച്ചു. കാറ്റക്കിസം ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദമാണ് അദ്ദേഹം അവിടെനിന്ന് പൂര്‍ത്തിയാക്കിയത്. പിന്നീട് സ്‌പെഷ്യല്‍ എജ്യുക്കേഷനിലും സ്‌കൂള്‍ ഗൈഡന്‍സ് ഓര്‍ഗനൈസേഷനിലും ബിരുദാനന്തര ബിരുദം നേടി. വൈദിക ശുശ്രൂഷയ്‌ക്കൊപ്പം തന്നെ ആരോഗ്യരംഗത്തും പാരമ്പര്യ ഔഷധ വിജ്ഞാന മേഖലയിലും സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കി. ബാംഗ്ലൂരിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ ഹെര്‍ബല്‍ മെഡിസിനില്‍ വിസിറ്റിംഗ് പ്രൊഫസറായും ഹൈദരാബാദിലെ സി.എച്ച്.എ.ഐ (CHAI) കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ച അദ്ദേഹം, ഗ്രാമങ്ങള്‍തോറും പാരമ്പര്യ അറിവുകള്‍ പകര്‍ന്നുനല്‍കുന്നതിനായി ക്ലാസുകളും സെമിനാറുകളും സംഘടിപ്പിച്ചുപോന്നു.

കര്‍ണാടകയിലെ ഹാന്‍ഡ് പോസ്റ്റ് കേന്ദ്രമാക്കിയുള്ള 'ജീവധാരു' എന്ന ആയുര്‍വേദ ചികിത്സാകേന്ദ്രം ഏറെ ശ്രദ്ധ നേടിയിരിന്നു. സ്ഥാപനത്തിന്റെ ഡയറക്ടറായി ചിറ്റൂരച്ചന്‍ സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ പ്രയത്‌നവും ആത്മസമര്‍പ്പണവും കഴിവും കൊണ്ടാണ് ജീവധാരു എന്ന സംരംഭം നന്മയുടെ മാതൃകയായി വളര്‍ന്നത്. നിരവധി ഔഷധസസ്യങ്ങളെക്കുറിച്ചും അവയുടെ ഗുണങ്ങളെക്കുറിച്ചും അച്ചനുണ്ടായിരിന്ന ശാസ്ത്രീയമായ അറിവ് ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത കൃഷി ശാസ്ത്രജ്ഞനായിരുന്ന എം.എസ്.സ്വാമിനാഥനെ പോലും അതിശയിപ്പിച്ചിട്ടുണ്ട്.

ഇരുന്നൂറോളം ഔഷധസസ്യങ്ങളെക്കുറിച്ചുള്ള അറിവുകള്‍ മലയാളത്തിലും കന്നഡയിലുമായി പുസ്തകരൂപത്തിലാക്കിയിരിന്നു. മികച്ച സേവനങ്ങളെ മുന്‍നിര്‍ത്തി 2001-ല്‍ ആചാര്യ വിനോബഭാവെ നാഷണല്‍ അവാര്‍ഡും 2008-ല്‍ സി.പി.സി.ഐ (CPCI) നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2022-ല്‍ ബെസ്റ്റ് പ്രീസ്റ്റ് സോഷ്യല്‍ വര്‍ക്കറിനുള്ള സീറോ മലബാര്‍ സോഷ്യല്‍ മിനിസ്ട്രി അവാര്‍ഡിനും മിഷന്‍ പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങളും ദൈവവിളി രംഗത്തെ സംഭാവനകളും പരിഗണിച്ച് 2024-ലെ ജോസഫ് മാലിപ്പറമ്പില്‍ അവാര്‍ഡിനും ചിറ്റൂരച്ചന്‍ അര്‍ഹനായി. 2019 മുതല്‍ വിയാനിഭവനില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.

Tags

Share this story

From Around the Web