ഫാ. ജിജു കിലുക്കന്‍ ഇനി ദീപ്തമായ ഓര്‍മ്മ
അങ്കമാലി: ജര്‍മ്മനിയിലുണ്ടായ അപകടത്തില്‍ മരണമടഞ്ഞ ഫാ. ജിജു കിലുക്കന്റെ (Fr Jiju Kilukkan) ഭൗതികശരീരം ഇന്നലെ അങ്കമാലിക്കടുത്തുള്ള കൊല്ലക്കോട് ഇന്‍ഫന്റ് ജീസസ് ദൈവാലയത്തില്‍ സംസ്‌കരിച്ചു. കുറ്റൂര്‍ ആശ്രമത്തില്‍ നേരത്തെ പൊതുദര്‍ശന ത്തിനുശേഷമായിരുന്നു മൃതസംസ്‌കാരം.
എറണാകുളം-അങ്കമാലി അതിരൂപതയിലെ കൊല്ലക്കോട് ഇന്‍ഫന്റ് ജീസസ് ഇടവകാംഗമായ ജിജു അച്ചന്‍, 1978 ഓഗസ്റ്റ് 17ന് കിലുക്കന്‍ ജോസ് – മേരി ദമ്പതികളുടെ നാലു മക്കളില്‍ ഇളയമകനായി ഇരട്ട സഹോദരനോടൊപ്പം ഉപ്പുകല്ലില്‍ ജനിച്ചു. വിജി ജോയ്, സിസ്റ്റര്‍ ബിന്ദു കിലുക്കന്‍, ബിജു ജോസ് എന്നിവര്‍ സഹോദരങ്ങളാണ്.
1994 ജൂണ്‍ 11ന് ഷേണ്‍സ്റ്റാട്ട് വൈദികസമൂഹത്തില്‍ ചേര്‍ന്നു. വിന്‍സെന്‍ഷ്യന്‍ വൈദികരുടെ ഇടത്തൊട്ടി, തൃക്കാക്കര സെമിനാരികളിലും എറണാകുളം അതിരൂപതയുടെ തിരുഹൃദയ സെമിനാരിയിലും ആയി സെമിനാരി പഠനം പൂര്‍ത്തിയാക്കി. 2008 ഏപ്രില്‍ 19ന് മാര്‍ തോമസ് വാഴപ്പിള്ളിയില്‍ നിന്നും ഡീക്കണ്‍ പട്ടവും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്ര ത്തിന്റെ കൈവെപ്പു ശുശ്രൂഷ വഴി 2008 ഒക്ടോബര്‍ 25ന് പുരോഹിതനായി അഭിഷിക്തനായി.
തുടര്‍ന്ന് തൃശൂര്‍ അതിരൂപതയിലെ പ്രമുഖ ഇടവകയായ ഒല്ലൂര്‍ ഫൊറോനപ്പള്ളിയില്‍ വികാരിയായിരുന്ന ഫാ. ആന്റണി മേച്ചേരിയുടെ കീഴില്‍ അസിസ്റ്റന്റ് വികാരിയായിപ്രവര്‍ത്തിച്ചു.
തുടര്‍ന്ന് മരത്താക്കരപള്ളിയിലേക്ക് നിയമനം. 2011 മുതല്‍ നാലുവര്‍ഷം സന്യാസസഭയുടെ വരടിയ ത്തുള്ള ജീവാലയ ബോയ്സ് ഹോമിന്റെ അഡ്മിനിസ്ട്രേറ്ററായി. ഇക്കാലത്ത് സോഷ്യോളജിയിലും മലയാളത്തിലും ബിരുദാനന്തരബിരുദം കരസ്ഥമാക്കി. മൂന്ന് വര്‍ഷം പ്രൊവിന്‍സിന്റെ റീജിയണല്‍ കൗണ്‍സിലറായി സേവനം ചെയ്തതോടൊപ്പം ആളൂര്‍ മേരിമാത സെമിനാരിയിലും മേരിമാത ഷേണ്‍സ്റ്റാട്ട് അക്കാദമിയിലും മലയാള അധ്യാ പകനായി. പിന്നീട് അവിടത്തെ മൈനര്‍ സെമിനാരി റെക്ടറായും സുപ്പീരിയറായും പ്രവര്‍ത്തിച്ചു.
2023 സെപ്റ്റംബറില്‍ ജര്‍മ്മനിയിലെത്തി. കുറഞ്ഞൊരു സമയം കൊണ്ട് ജര്‍മ്മന്‍ ഭാഷ ഹൃദി സ്ഥമാക്കിയ അച്ചനെ മ്യൂണിച്ച് അതിരൂപതയിലെ ലൈംവി ഹെന്‍ട്രി വി. സ്റ്റീഫന്‍ ഇടവകയിലെ അസിസ്റ്റന്റ് വികാരിയായി നിയമിച്ചു. 2024 മുതല്‍ അവിടെ പ്രവര്‍ത്തിച്ചു വന്ന അച്ചന്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് ട്രെയിന്‍ അപകടത്തിലാണ് മരിച്ചത്.