ഫാ. തോമസ് ആനിമൂട്ടില്‍ കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്‍

 
father thomas


കാക്കനാട്: കോട്ടയം ക്‌നാനായ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഫാ. തോമസ് ആനിമൂട്ടിലിനെ നിയമിച്ചു. നിലവില്‍ കോട്ടയം അതിരൂപതയുടെ പ്രോട്ടോസിഞ്ചെലൂസായി സേവനമനുഷ്ഠിച്ച് വരികയായിരിന്നു അദ്ദേഹം. സീറോ മലബാര്‍ സഭയുടെ മുപ്പതിനാലാമത്തെ സിനഡ് സമ്മേളനത്തിനു പിന്നാലെയാണ് ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക 12 മണിക്കു വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞു 3.30നു കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടത്തിയത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലാണ് സഭയിലെ നിയമനം പ്രഖ്യാപിച്ചത്.

ഫാ. തോമസ് ആനിമൂട്ടിലിനെ കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി നിയമിച്ചുകൊണ്ടുള്ള ലെയോ പാപ്പയുടെ അംഗീകാരത്തോടെയുള്ള മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ഉത്തരവ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ വായിച്ചു. തുടര്‍ന്ന് മേജര്‍ ആര്‍ച്ചു ബിഷപ്പും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടും ചേര്‍ന്നു ഫാ. തോമസ് ആനിമൂട്ടിലിനെ മെത്രാന്റെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. അതിരൂപത സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരിയും ഗീവര്‍ഗീസ് മാര്‍ അപ്രേമും ചേര്‍ന്നു ബൊക്കെ നല്കി അനുമോദിച്ചു. പുതിയ നിയമനത്തോടെ കോട്ടയം അതിരൂപതയില്‍ സഹായ മെത്രാന്മാരുടെ എണ്ണം മൂന്നായി.

1962 ജനുവരി 13-ന് പയ്യാവൂരിലാണ് ഫാ. തോമസ് ആനിമൂട്ടിലിന്റെ ജനനം. പരേതരായ ജോസഫ്-ഏലി ദമ്പതികളുടെ പുത്രനാണ്. പയ്യാവൂരില്‍ പ്രാഥമിക-സെക്കന്‍ഡറി വിദ്യാഭ്യാസവും മൈസൂരില്‍ സര്‍വകലാശാല പഠനവും പൂര്‍ത്തിയാക്കിയ ശേഷം, വൈദിക പരിശീലനത്തിനായി അദ്ദേഹം കോട്ടയത്തെ സെന്റ് സ്റ്റാനിസ്ലാവോസ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. വൈദിക പരിശീലനത്തിനു ശേഷം 1989 ഏപ്രില്‍ 13ന് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശേരിയില്‍നിന്നു കൈവയ്പ് ശുശ്രൂഷ സ്വീകരിച്ച് വൈദികനായി. തുടര്‍ന്ന് റോമിലെ അത്തെനയോ റൊമാനോ സാന്റാ ക്രോസെയില്‍നിന്ന് കാനന്‍ ലോയില്‍ ലൈസന്‍ഷ്യേറ്റ് നേടി.

വയനാട് പുളിഞ്ഞാല്‍ ക്രിസ്തുരാജ പള്ളി, ശ്രീപുരം സെന്റ് മേരീസ് പള്ളി, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളി, കടുത്തുരുത്തി വലിയ പള്ളി എന്നിവിടങ്ങളില്‍ വികാരി, വിവിധ സ്‌കൂളുകളില്‍ മാനേജര്‍, കോട്ടയം ക്രിസ്തുരാജ കത്തീഡ്രല്‍ അഡ്മിനിസ്‌ട്രേറ്റര്‍, കണ്ണൂര്‍ പാസ്റ്ററല്‍ സെന്റ്‌റര്‍ ഡയറക്ടര്‍, മലബാര്‍ റീജണ്‍ പ്രൊക്യുറേറ്റര്‍, അതിരൂപത ട്രൈബ്യൂണല്‍ ജഡ്ജി, കോട്ടയം അതിരൂപത ചാന്‍സലര്‍, മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ സെക്രട്ടറി എന്നിങ്ങനെ നിരവധി പദവികള്‍ വഹിച്ചു.

അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ ലോസ് ആഞ്ചലസില്‍ നിന്ന് ക്ലിനിക്കല്‍ പാസ്റ്ററല്‍ എഡ്യുക്കേഷന്‍ പൂര്‍ത്തിയാക്കി. അമേരിക്കയില്‍ ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടറായും ക്‌നാനായ കാത്തലിക് കോണ്‍ഗ്രസിന്റെ സ്പിരിച്വല്‍ ഡയറക്ടറായും ശുശ്രൂഷചെയ്തു. 11 വര്‍ഷം കോട്ടയം കാരിത്താസ് ആശുപത്രി ഡയറക്ടര്‍ എന്ന നിലയിലും സേവനം ചെയ്തു. അതിരൂപതയുടെ പ്രോട്ടോസിഞ്ചെലൂസായി സേവനമനുഷ്ഠിച്ച് വരികെയാണ് നിര്‍ണ്ണായകമായ പുതിയ ഉത്തരവാദിത്വം അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.

Tags

Share this story

From Around the Web