സ്വന്തം ജീവൻ ബലി നൽകി എഴുപതോളം പേരെ രക്ഷിച്ച ഫാ. ഫ്രാൻസിസ് സേവ്യർ ഇനി വാഴ്ത്തപ്പെട്ടവൻ; വിയറ്റ്‌നാമിൽ ചരിത്രനിമിഷം
കാ മാവു: വിയറ്റ്‌നാമിന്റെ മണ്ണിൽ നടന്ന ആദ്യത്തെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങിൽ പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. സ്വന്തം ജീവൻ ബലി നൽകി എഴുപതോളം പേരുടെ ജീവൻ രക്ഷിച്ച രക്തസാക്ഷിയായ ഫാ. ഫ്രാൻസിസ് സേവ്യർ ട്രൂങ് ബു ഡിപിനെയാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.
വിയറ്റ്‌നാമിലെ കാ മാവു പ്രവിശ്യയിൽ കാൻ തോ രൂപതയ്ക്ക് കീഴിലുള്ള ‘തക് സൈ’ തീർഥാടന കേന്ദ്രത്തിൽ നടന്ന ചടങ്ങുകൾക്ക് ലിയോ പതിനാലാമൻ മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി എത്തിയ ഫിലിപ്പീൻസ് കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ മുഖ്യകാർമ്മികത്വം വഹിച്ചു.
വിയറ്റ്‌നാം വിദ്യാഭ്യാസ-പരിശീലന മന്ത്രാലയത്തിന്റെ ഔദ്യോഗിക പത്രമായ ‘ഗിയാവോ ഡുക് അന്റ് തോയ് ഡായ്’ റിപ്പോർട്ട് ചെയ്തതനുസരിച്ച് പ്രാദേശിക അധികാരികളുടെ പൂർണ പിന്തുണയോടെയാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. ഇത് വിയറ്റ്‌നാമിലെ കത്തോലിക്കാ സഭയ്ക്ക് വലിയ സന്തോഷവും അനുഗ്രഹവുമാണെന്ന് പത്രം വിശേഷിപ്പിച്ചു.
ദരിദ്രരോട് യേശുവിന്റെ കാരുണ്യവും നീതിയും കാണിക്കാൻ ഫാ. ഫ്രാൻസിസ് സേവ്യർ ഒരിക്കലും മടിച്ചിരുന്നില്ലെന്ന് കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ അനുസ്മരിച്ചു. “ക്രൈസ്തവരല്ലാത്തവരെപ്പോലും ഉൾക്കൊള്ളുന്ന യേശുവിന്റെ സ്നേഹവും ചെന്നായ്ക്കളുടെയും കള്ളന്മാരുടെയും മുന്നിൽ തന്റെ ആടുകളെ തനിച്ചാക്കാത്ത നല്ല ഇടയനായ യേശുവിന്റെ വിശ്വസ്തതയുമാണ് അദേഹം കാണിച്ചു തന്നത്,” കർദിനാൾ പറഞ്ഞു. അഴിമതിക്ക് പകരം സത്യസന്ധതയും സമ്പാദ്യത്തിന് പകരം പങ്കുവെക്കലും തിരഞ്ഞെടുക്കണമെന്ന കർദിനാളിന്റെ ആഹ്വാനം വിശ്വാസികൾക്ക് വലിയ പ്രചോദനമായി.
1930 മുതൽ തക് സൈയിൽ ഇടവക വികാരിയായിരുന്ന ഫാ. ഫ്രാൻസിസ് സേവ്യർ ക്ഷാമകാലത്ത് ജാതിമതഭേദമന്യേ പാവപ്പെട്ടവരെ സഹായിച്ചതിലൂടെ ശ്രദ്ധേയനായിരുന്നു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും പാതയിൽ സഞ്ചരിച്ച അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ചില സായുധ സംഘങ്ങളുടെയും ഭൂവുടമകളുടെയും ശത്രുത ക്ഷണിച്ചുവരുത്തി. സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ അവസരം ലഭിച്ചിട്ടും “ഞാൻ എന്റെ ആടുകളുടെ ഇടയിലാണ് ജീവിക്കുന്നത് അവർക്കൊപ്പം മരിക്കാനും ഞാൻ തയ്യാറാണ്” എന്ന് പ്രഖ്യാപിച്ച അദേഹം തന്റെ ഇടയധർമ്മം അവസാനം വരെ കാത്തുസൂക്ഷിച്ചു.
1946 മാർച്ച് 12 ന് ഒരു കൂട്ടം സായുധ ഭടന്മാർ ഫാ. ഫ്രാൻസിസിനെയും എഴുപതിലധികം വിശ്വാസികളെയും അറസ്റ്റ് ചെയ്തു. തടവുകാരെ രക്ഷിക്കാനായി സായുധ ഭടന്മാരുമായി മൂന്നുതവണ ചർച്ചകൾ നടത്തിയ അദ്ദേഹം, മറ്റുള്ളവർക്ക് പകരം തന്നെ തടവിലാക്കാൻ അഭ്യർഥിക്കുകയായിരുന്നു. ഒടുവിൽ ക്രൂരമായി കൊലചെയ്യപ്പെട്ട നിലയിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 1969-ൽ അദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ തക് സൈ പള്ളിയിലേക്ക് മാറ്റി.