ഫാ. ഡോ. ജെയിംസ് പട്ടേരില്‍ ബല്‍ത്തങ്ങാടി രൂപതയുടെ നിയുക്ത മെത്രാന്‍

കൊച്ചി: ക്ലരീഷന്‍ സന്യാസ സമൂഹാംഗമായ ഫാ. ഡോ. ജെയിംസ് പട്ടേരില്‍ ബല്‍ത്തങ്ങാടി രൂപതയുടെ പുതിയ അധ്യക്ഷന്‍. ക്ലരീഷ്യന്‍ സന്യാസ സമൂഹത്തിന്റെ ജര്‍മനിയിലെ വുര്‍സ്ബുര്‍ഗ്ഗ് പ്രോവിന്‍സിന്റെ പ്രോവിന്‍ഷ്യല്‍ പ്രൊക്യുറേറ്ററായി സേവനം ചെയ്തു വരുന്നതിനിടെയാണ് പുതിയ ഉത്തരവാദിത്വം ലഭിച്ചിരിക്കുന്നത്.
ബല്‍ത്തങ്ങാടി രൂപതയില്‍ ബട്ടിയാല്‍ സെന്റ് മേരീസ് ഇടവകയിലെ പട്ടേരില്‍ എബ്രഹാമിന്റെയും റോസമ്മയുടെയും മകനായി 1962 ജൂലൈ 27നാണു ഫാ. ജെയിംസ് പട്ടേരിലിന്റെ ജനനം. സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ക്ലരീഷന്‍ സന്യാസസമൂഹത്തില്‍ ചേര്‍ന്നു. കുറവിലങ്ങാട് ക്ലാരറ്റ് ഭവനത്തില്‍ സെമിനാരി പരിശീലനം ആരംഭിച്ചു.
ബാംഗ്ലൂരില്‍ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു തത്വശാസ്ത്ര ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി. 1990 ഏപ്രില്‍ 26 നു പൗരോഹിത്യം സ്വീകരിച്ചശേഷം ബല്‍ത്തങ്ങാടി രൂപതയിലെ ഊദിനെ, ഷിരാടി എന്നീ ഇടവകകളില്‍ സേവനമനുഷ്ഠിച്ചു.
ജര്‍മനിയിലെ ഫ്രൈബുര്‍ഗ്ഗ് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു പാസ്റ്ററല്‍ തിയോളജിയില്‍ ഉപരിപഠനം നടത്തി. ക്ലരീഷ്യന്‍ സന്യാസ സമൂഹത്തിന്റെ ജര്‍മനിയിലെ വുര്‍സ്ബുര്‍ഗ്ഗ് പ്രോവിന്‍സിന്റെ പ്രോവിന്‍ഷ്യല്‍ പ്രൊക്യുറേറ്ററായും വുര്‍സ്ബര്‍ഗ്ഗ് രൂപതയിലെ സീറോമലബാര്‍ വിശ്വാസികളുടെ അജപാലനചുമതലയും നിര്‍വഹിച്ചു വരികയായിരിന്നു. മലയാളം, കന്നട, തുളു, ഇംഗ്ലീഷ്, ജര്‍മ്മന്‍ ഭാഷകളില്‍ പ്രാവീണ്യമുള്ള വ്യക്തിയാണ് നിയുക്തമെത്രാന്‍.