ഫാ. ജെയിംസ് കോട്ടായില്‍ എസ്.ജെയുടെ 58-ാം രക്തസാക്ഷിത്വ വാര്‍ഷികം

റാഞ്ചി (ജാര്‍ഖണ്ഡ്): ഫാ. ജെയിംസ് കോട്ടായില്‍ എസ്.ജെ യുടെ 58-ാം രക്തസാക്ഷിത്വ അനുസ്മരണം അച്ചന്‍ രക്ത സാക്ഷിത്വം വരിച്ച റാഞ്ചിയിലെ നവാഠാടില്‍ നടന്നു.
വിശുദ്ധ കുര്‍ബാനക്ക് നവാഠാട് ഇടവക വികാരി ഫാ. സുനില്‍ ടോപ്പനോയും റാഞ്ചിയിലെ ഹസാരിബാഗ് രൂപതയുടെ സോഷ്യല്‍ സര്‍വ്വീസ് ഡയറക്ടര്‍ ഫാ. ടോമി അഞ്ചുപങ്കിലും കാര്‍മികത്വം വഹിച്ചു.
ഫാ. ജെയിംസ് കോട്ടായിലിന് കുത്തേറ്റ പള്ളിമുറിയുടെ മുമ്പില്‍ സ്ഥാപിച്ചിരിക്കുന്ന മെമ്മോറിയല്‍ സ്ലാബിനോടു ചേര്‍ന്ന് സ്ഥാപിച്ച അച്ചന്റെ ഛായചിത്രം കൊത്തിയ ഫലകത്തിന്റെ ആശീര്‍വാദവും നടന്നു.
അച്ചനെ കുത്തിയത് ആരാണെന്ന് ജയിംസച്ചനോട് ചോദിച്ചപ്പോള്‍ കൊലയാളിയെ പരിചയം ഉണ്ടായിരുന്നിട്ടും വെളിപ്പടുത്താന്‍ അദ്ദേഹം തയാറായില്ല. അവര്‍ എന്റെ സഹോദര ങ്ങളാണെന്നും അവരോടു ഞാന്‍ ക്ഷമിക്കുന്നു എന്നുമായിരുന്നു മരണത്തിന് തൊട്ടുമുമ്പുള്ള മറുപടി. പിന്നീട് ഘാതകന്‍ മാനസാന്തരപ്പെടുകയും ചെയ്തിരുന്നു.
ജെയിംസച്ചന്‍ രക്തസാക്ഷിത്വം വരിച്ച റാഞ്ചിയിലെ നവാഠാടിലെ സ്ഥാപിച്ചിരിക്കുന്ന മെമ്മോറിയല്‍ സ്ലാബിന്റെ മുമ്പിലും അച്ചനെ സംസ്‌ക്കരിച്ച റാഞ്ചിയിലെ മാണ്ടര്‍ പള്ളിയുടെ കല്ലറയിലും, അച്ചന്റെ മാതൃ ഇടവകയായ പാലാ രൂപതയിലെ തുരുത്തിപള്ളിയില്‍ അച്ചന്റെ ഛായാചിത്രം പതിച്ച കല്‍കു രിശിലും അച്ചന്റെ മാധ്യസ്ഥതയില്‍ പ്രാര്‍ത്ഥിച്ചതിലൂടെ അനേകര്‍ക്ക് നിരവധി അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഫാ. ജെയിംസ് കോട്ടായിലിന്റെ മാതൃ ഇടവകയായ പാലാ രൂപതയിലെ തുരുത്തിപള്ളി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദൈവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനക്കും ഒപ്പീസിനും ഇടവക വികാരി ഫാ. അഗസ്റ്റിന്‍ പീടികമലയിലും റാഞ്ചി ഡാല്‍ട്ടന്‍ഗഞ്ച് രൂപതയില്‍ പ്രവര്‍ത്തിക്കുന്ന ഫാ. റെജി പൈമറ്റം സിഎംഎഫും കാര്‍മികത്വം വഹിച്ചു.