പത്ത് വര്‍ഷത്തിനിടെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ നാലിരട്ടി വര്‍ദ്ധന; അഞ്ചു വര്‍ഷത്തില്‍ ഇരകളായത് 1.83 ലക്ഷം പെണ്‍കുട്ടികള്‍

 
arrest

ഡല്‍ഹി: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ നാലിരട്ടി വര്‍ദ്ധനവുണ്ടായതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. കുറ്റകൃത്യങ്ങളുടെ എണ്ണം കുതിച്ചുയരുമ്പോഴും വിചാരണ പൂര്‍ത്തിയാക്കി പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന നിരക്കില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. 2012-ല്‍ പോക്സോ നിയമം പ്രാബല്യത്തില്‍ വന്നിട്ടും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കുറവില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2015-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഇരകളായ 10,934 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത്, 2024 ആയപ്പോഴേക്കും ഇത് 43,675 ആയി ഉയര്‍ന്നു. 2020 മുതല്‍ 2024 വരെയുള്ള അഞ്ചു വര്‍ഷത്തിനിടെ മാത്രം 1.83 ലക്ഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് വിവിധ പീഡനക്കേസുകളില്‍ ഇരയായത്.

രാജ്യത്ത് പ്രതിദിനം നൂറിലധികം പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടെന്നും ആക്രമണത്തിന് ഇരയാകുന്നവരില്‍ ഭൂരിഭാഗവും കുട്ടികള്‍ക്ക് മുന്‍പരിചയമുള്ളവരോ ബന്ധുക്കളോ അയല്‍ക്കാരോ ആണെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.


കേസുകള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയതും ജനങ്ങളില്‍ നിയമപരമായ അവബോധം വര്‍ദ്ധിച്ചതും സ്ഥിതിവിവരക്കണക്കുകള്‍ ഉയരാന്‍ കാരണമായിട്ടുണ്ടെങ്കിലും, യഥാര്‍ത്ഥ കുറ്റകൃത്യങ്ങളില്‍ വലിയ വര്‍ദ്ധനവുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, ശാസ്ത്രീയ തെളിവുകളുടെ അഭാവം, പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകള്‍, വിചാരണ നീണ്ടുപോകുന്നത് കാരണം സാക്ഷികള്‍ മൊഴിമാറ്റുന്നത് എന്നിവ മൂലം 80 ശതമാനത്തിലധികം കേസുകളും തീര്‍പ്പാകാതെ കെട്ടിക്കിടക്കുകയാണ്. അന്വേഷണവും വിചാരണയും സമയബന്ധിതമാക്കാതെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു.

Tags

Share this story

From Around the Web