തെക്കന്‍ സുഡാനില്‍ നാല് വൈദികരും ആറ് ഡീക്കന്മാരും അഭിഷിക്തരായി: ഫീദെസ് ഏജന്‍സി
സുഡാന്‍: നിരവധി സംഘര്‍ഷങ്ങളും പ്രതിസന്ധികളും മൂലം ബുദ്ധിമുട്ടുന്ന തെക്കന്‍ സുഡാനിലെ കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ സുപ്രധാന നാഴികക്കല്ലായി നാല് പുതിയ പുരോഹിതരുടെയും ആറ് ഡീക്കന്മാരുടെയും അഭിഷേകം.
തൊമ്പൂറ-യാമ്പിയോ രൂപതയിലാണ് ഏറെ അനുഗ്രഹീതമായ ഈ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നത്.
സഭയുടെ മിഷനറി നിയോഗത്തെ ശക്തിപ്പെടുത്തുന്ന ഏറെ പ്രധാനപ്പെട്ടതും നിര്‍ണ്ണായകവുമായ ഒരു നിമിഷമായിരുന്നു നാല് പേരുടെ പൗരോഹിത്യസ്വീകരണവും ആറ് പേരുടെ ഡീക്കന്‍ പട്ടവുമെന്ന് അഭിഷേകച്ചടങ്ങുകളുടെ ഭാഗമായി സംസാരിക്കവെ, രൂപതാദ്ധ്യക്ഷന്‍ ബിഷപ് എഡ്വേര്‍ഡ് ഹീബോറോ കുസ്സാല പ്രസ്താവിച്ചു.
സഭയില്‍ വിശ്വസ്തതാപൂര്‍വ്വം ശുശ്രൂഷ ചെയ്യാനും, രാജ്യത്ത് സമാധാനത്തിന്റെ സൃഷ്ടാക്കളാകാനും നവാഭിഷിക്തരെ ബിഷപ് ഹീബോറോ ആഹ്വാനം ചെയ്തു.
രൂപതയ്ക്ക് നവീകരണത്തിന്റെയും പ്രത്യാശയുടെയും നിമിഷമാണ് ഇതെന്നും, ഇവരിലൂടെ സഭ തന്റെ അജപാലനശുശ്രൂഷ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
അഭിഷേകചടങ്ങുകളിലെ സര്‍ക്കാര്‍ പ്രതിനിധികളുടെ സാന്നിദ്ധ്യം പ്രത്യേകമായി എടുത്തുപറഞ്ഞ രൂപതാ മെത്രാന്‍, ഇത് പൊതുനന്മ ലക്ഷ്യമാക്കി സഭയും രാഷ്ട്രവും തമ്മില്‍ തുടരുന്ന മാതൃകാപരമായ സഹകരണത്തിന്റെ അടയാളമാണെന്ന് പ്രസ്താവിച്ചു.
തെക്കന്‍ സുഡാന്റെ തെക്കുപടിഞ്ഞാറാണ് എണ്‍പത്തിനായിരത്തിലധികം ചതുരശ്രകിലോമീറ്ററുകള്‍ വ്യാപിച്ചുകിടക്കുന്ന തൊമ്പൂറ - യാമ്പിയോ രൂപത സ്ഥിതി ചെയ്യുന്നത്.