തൊഴിലുടമയുമായി തര്‍ക്കം: സൗദിയില്‍ കുടുങ്ങിയ നാല് ഇന്ത്യന്‍ നാവികര്‍ നാട്ടിലേക്ക് മടങ്ങും, സഹായിച്ച് റിയാദ് ഇന്ത്യന്‍ എംബസി
റിയാദ്: സൗദി അറേബ്യയില്‍ തൊഴിലുടമയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ദുരിതത്തിലായ നാല് ഇന്ത്യന്‍ നാവികര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വഴിതെളിഞ്ഞു.
റിയാദിലെ ഇന്ത്യന്‍ എംബസിയുടെ കൃത്യമായ ഇടപെടലിനെ തുടര്‍ന്നാണ് നാവികരുടെ മടക്കയാത്രയ്ക്കുള്ള തടസ്സങ്ങള്‍ നീങ്ങിയത്.
നാവികരുടെ സൈന്‍-ഓഫ് നടപടിക്രമങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ചതായും ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായ ഉടന്‍ ഇവര്‍ ഇന്ത്യയിലേക്ക് വിമാനമാര്‍ഗം തിരിക്കുമെന്നും എംബസി 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
നാവികര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യമായ സൗകര്യങ്ങളും പിന്തുണയും നല്‍കിയ സൗദി അധികൃതര്‍ക്ക് റിയാദിലെ ഇന്ത്യന്‍ എംബസി നന്ദി രേഖപ്പെടുത്തി. നാട്ടിലേക്ക് തിരിക്കുന്ന നാവികര്‍ക്ക് സുരക്ഷിതമായ യാത്രയും കുടുംബത്തോടൊപ്പമുള്ള സന്തോഷകരമായ ദിനങ്ങളും എംബസി ആശംസിച്ചു.
അതേസമയം, നാവികര്‍ ജോലി ചെയ്തിരുന്ന കപ്പലിന്റെ പേരോ, തൊഴിലുടമയെക്കുറിച്ചുള്ള വിവരങ്ങളോ, തര്‍ക്കത്തിന് കാരണമായ വിഷയം എന്തെന്നോ എംബസി പരസ്യമാക്കിയിട്ടില്ല. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ നാവികര്‍ സമാനമായ തൊഴില്‍ പ്രതിസന്ധികളും ദുരിതങ്ങളും നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ ആശ്വാസ വാര്‍ത്തയെത്തുന്നത്.
കഴിഞ്ഞ ഒക്ഒക്ടോബറില്‍ സൗദിയിലെ യാന്‍ബു വാണിജ്യ തുറമുഖത്ത് അടിയന്തര സഹായ സേവനങ്ങള്‍ നല്‍കുന്ന 'ക്രോക്കഡൈല്‍ 001' എന്ന ഡൈവിംഗ് സപ്പോര്‍ട്ട് വെസ്സലില്‍ 10 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 12 ജീവനക്കാര്‍ കുടുങ്ങിപ്പോയിരുന്നു.
അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ കണക്കുകള്‍ പ്രകാരം നാല് മാസത്തെ ശമ്പള കുടിശികയാണ് ഇവര്‍ക്ക് ലഭിക്കാനുണ്ടായിരുന്നത്. എംബസി ഇടപെട്ട് നടത്തിയ തുടര്‍നടപടികളുടെ ഭാഗമായി ഒക്ടോബര്‍ 8-ലെ വിവരമനുസരിച്ച് ഇതിലൊരു നാവികനെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞിന്നുവെങ്കിലും, ലഭിക്കാനുള്ള കുടിശ്ശിക തുക പൂര്‍ണ്ണമായി നല്‍കാതെയാണ് കപ്പല്‍ കമ്പനി ജീവനക്കാരെ ഒഴിവാക്കിയത്.