നൈജീരിയയിലെ കെബ്ബി സംസ്ഥാനത്ത് ക്രൈസ്തവരുള്‍പ്പെടെ നാല്‍പ്പത്തൊന്‍പത് പേര്‍ കൊല്ലപ്പെട്ടു
നൈജീരിയ: കഴിഞ്ഞ ഡിസംബര്‍ 28-നും ജനുവരി 3-നുമിടയില്‍ കെബ്ബി സംസ്ഥാനത്തുള്ള ഷാംഗ ലോക്കല്‍ ഗവണ്‍മെന്റ് ഏരിയയുടെ തെക്കന്‍ ഭാഗത്ത് അറുപതോളം വരുന്ന സായുധസംഘം ആക്രമണം അഴിച്ചുവിട്ടെന്നും, നാല്‍പ്പത്തൊന്‍പത് പേരെയെങ്കിലും കൊന്നുവെന്നും, കൊന്താഗോര രൂപതാദ്ധ്യക്ഷന്‍ ബിഷപ് ബുളുസ് ദൗവ യോഹന്നാ അറിയിച്ചതായി ഫീദെസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ബോര്‍ഗു കാടുകളില്‍നിന്ന് മുപ്പതോളം ബൈക്കുകളിലെത്തിയ അക്രമികള്‍ വിവിധ ഗ്രാമങ്ങളിലെത്തുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. കൈവ ഗ്രാമത്തില്‍ അഞ്ച് പേരെയും, ഗേബേയില്‍ രണ്ടു പേരെയും ഡിസംബര്‍ 28-ന് ഈ അക്രമിസംഘം കൊല ചെയ്തു. തുടര്‍ന്ന് ഗ്രാമങ്ങള്‍ കൊള്ളയടിച്ച സംഘം വീടുകളും ധാന്യശേഖരങ്ങളും അഗ്‌നിക്കിരയാക്കി.
ജനുവരി ഒന്നാം തീയതി ഷഫാസി ഗ്രാമത്തിലെ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഘം അവിടെയുണ്ടായിരുന്ന പ്രധാനപ്പെട്ട രേഖകള്‍ നശിപ്പിച്ചു. തുടര്‍ന്ന് രാത്രിയില്‍ കാട്ടില്‍ തങ്ങിയ സംഘം, ജനുവരി രണ്ടാം തീയതി, സോകോണ്‍ബോറയിലുള്ള കത്തോലിക്കാ ദേവാലയം ആക്രമിക്കുകയും കുരിശുരൂപം, കുരിശിന്റെ വഴിയുടെ ചിത്രങ്ങള്‍, സംഗീതോപകരണങ്ങള്‍ എന്നിവയും നശിപ്പിക്കുകയും അവിടെയുണ്ടായിരുന്ന രണ്ട് ബൈക്കുകളും മൊബൈല്‍ ഫോണുകളും പണവും മോഷ്ടിക്കുകയും ചെയ്തു.
ജനുവരി മൂന്നാം തീയതി കുസുവാന്‍ ദാജി ഗ്രാമത്തിലെത്തിയ സംഘം അവിടെയുള്ള ചന്തയിലെ കടകള്‍ക്ക് തീയിടുകയും നാല്പത്തിരണ്ടു പേരെ കൈകള്‍ ബന്ധിച്ച ശേഷം കൊലപ്പെടുത്തുകയും ചെയ്തു.
കൊലചെയ്യപ്പെട്ടവരില്‍ ക്രൈസ്തവര്‍ക്കൊപ്പം ഇസ്ലാം മതവിശ്വാസികളും ഉണ്ടായിരുന്നുവെന്ന് ബിഷപ് യോഹന്നാ അറിയിച്ചു. അവിടെയുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും അക്രമിസംഘം തട്ടിക്കൊണ്ടുപോയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ നവംബര്‍ 21-ന് തട്ടിക്കൊണ്ടുപോകപ്പെട്ട 265 കുട്ടികള്‍ കൂടി അധിവസിക്കുന്ന പ്രദേശത്താണ് ഈ സംഭവമുണ്ടായതെന്നും, ഈ കുട്ടികളും അവരുടെ മാതാപിതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ഭവനങ്ങള്‍ ഉപേക്ഷിച്ച് അടുത്തുള്ള കാടുകളില്‍ അഭയം തേടിയിരിക്കുകയാണെന്നും ബിഷപ് യോഹന്നാ അറിയിച്ചു.
അടുത്തിടെയാണ് പപ്പീരി കത്തോലിക്കാ സ്‌കൂളിലെ കുട്ടികള്‍ സ്വാതന്ത്രരാക്കപ്പെട്ടതെന്നും, അവരുടെ മനസ്സിനേറ്റ അടുത്ത ആഘാതമാണ് ഈ സംഭവമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ആക്രമണത്തില്‍ ഇരകളായവര്‍ക്കും കുടുംബങ്ങള്‍ക്കും തന്റെ അനുശോചനങ്ങള്‍ അറിയിച്ച ബിഷപ് യോഹന്നാ, അക്രമത്തിന്റെ മാര്‍ഗ്ഗം ഉപേക്ഷിക്കണമെന്നും, ഇത്തരം കൊള്ളസംഘങ്ങള്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്നും ആഹ്വാനം ചെയ്തു.
വിവിധയിടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ ആളുകള്‍ കൊല്ലപ്പെട്ടുവെങ്കിലും, സംഭവത്തില്‍ സുരക്ഷാസേനയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം അപലപിച്ചു. അതിക്രൂരമായ ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും, നീതിയും സുരക്ഷയും ഉറപ്പാക്കണമെന്നും ബിഷപ് യോഹന്നാ ആവശ്യപ്പെട്ടു.