ബെനഡിക്ട് പാപ്പയുടെ നാമകരണ നടപടികളില്‍ പ്രതീക്ഷ പ്രകടിപ്പിച്ച് മുന്‍ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗാന്‍സ്വെയിന്‍
മ്യൂണിക്ക്: ആധുനിക സഭയില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ബെനഡിക്ട് പതിനാറാമന്‍ പാപ്പ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടാനുള്ള നടപടി ക്രമം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാപ്പയുടെ സെക്രട്ടറിയായിരിന്ന ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗാന്‍സ്വെയിന്‍.
ജനുവരി 7 ന് ലിത്വാനിയയിലെ നാഷണല്‍ ലൈബ്രറിയില്‍ കത്തോലിക്ക മാസികയായ കെലിയോണെ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം.
ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ അന്ത്യാഭിലാഷങ്ങളും അവസാന മണിക്കൂറുകളും പാപ്പ നല്‍കിയ നിര്‍ദേശങ്ങളും അറിയാവുന്ന ഏക വ്യക്തിയെന്ന നിലയില്‍ ആര്‍ച്ച് ബിഷപ്പ് ഗാന്‍സ്വെയിന്‍ ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ്.
ബെനഡിക്ട് പതിനാറാമന്‍ പാപ്പ കര്‍ത്താവിനോടൊപ്പം ആയിരിക്കുന്നതിനാല്‍ ഞാന്‍ അദ്ദേഹത്തിനുവേണ്ടി അധികം പ്രാര്‍ത്ഥിക്കുന്നില്ലായെന്നും മറിച്ച് അദ്ദേഹത്തിന്റെ മാധ്യസ്ഥ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുകയാണെന്നും ബാള്‍ട്ടിക് രാജ്യങ്ങളിലെ തന്റെ ശുശ്രൂഷയ്ക്കിടെ പോലും, ബെനഡിക്ടിനോട് മാധ്യസ്ഥ്യം ചോദിച്ച സമയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1984-ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച ശേഷം, അസിസ്റ്റന്റ് ഇടവക വികാരിയായി സേവനമനുഷ്ഠിച്ച ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗാന്‍സ്വെയിന്‍ പിന്നീട് ഡോക്ടറേറ്റ് പൂര്‍ത്തിയാക്കി റോമിലെത്തി.
അവിടെവെച്ച് അന്നത്തെ കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍ (ബെനഡിക്ട് പാപ്പ) വിശ്വാസ പ്രമാണങ്ങളുടെ ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായിരുന്നപ്പോള്‍ കണ്ടുമുട്ടി.
തന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ റാറ്റ്സിംഗര്‍ തന്നെ ക്ഷണിച്ചതു നിഗൂഢവും കൃപ നിറഞ്ഞതുമായ കാര്യമായാണ് താന്‍ ഇന്നും നോക്കികാണുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗാന്‍സ്വെയിന്‍ പറയുന്നു.