രാജ്‌കോട്ട് രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ഗ്രിഗറി കരോട്ടമ്പ്രേല്‍ കാലം ചെയ്തു
കൊച്ചി: സീറോ മലബാര്‍ സഭയുടെ രാജ്‌കോട്ട് രൂപത മുന്‍ അധ്യക്ഷനും ദൈവശാസ്ത്ര പണ്ഡിതനുമായിരിന്ന മാര്‍ ഗ്രിഗറി കരോട്ടമ്പ്രേല്‍ (93) കാലംചെയ്തു. സിഎംഐ സന്യാസ സമൂഹാംഗമാണ്. സിഎംഐ സെന്റ് ജോസഫ് പ്രോവിന്‍ഷ്യല്‍ ഹൗസിലായിരുന്നു അന്ത്യം.
സംസ്‌കാരം പിന്നീട്. ബിഷപ്പിന്റെ വിയോഗം രാജ്കോട്ട് രൂപതയ്ക്കും സീറോ മലബാര്‍ സഭയ്ക്കും വലിയ നഷ്ടമാണെന്നും ബിഷപ്പ് ഗ്രിഗറിയെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്നും രാജ്കോട്ട് ബിഷപ്പ് മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍ പ്രസ്താവിച്ചു.
1933 മേയ് ആറിനു പാലാ ചെമ്മലമറ്റം ഇടവകയില്‍ ജനിച്ച ഗ്രിഗറി, കാര്‍മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഇങക) സന്യാസ സമൂഹത്തില്‍ ചേരുകയും 1955 ഡിസംബര്‍ 8-ന് തന്റെ പ്രഥമ വ്രതവാഗ്ദാനം നടത്തുകയും ചെയ്തു.
ബെംഗളൂരുവിലെ ധര്‍മ്മരാം വിദ്യാക്ഷേത്രത്തില്‍ തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം, 1963 മെയ് 17-ന് അദ്ദേഹം വൈദികനായി അഭിഷിക്തനായി.
ദൈവശാസ്ത്രപരമായ പാണ്ഡിത്യത്തിനും ഇടയശുശ്രൂഷയ്ക്കും പേരുകേട്ട ഫാ. ഗ്രിഗറി, 1978-ല്‍ സി.എം.ഐ സേക്രഡ് ഹാര്‍ട്ട് പ്രവിശ്യയുടെ പ്രോവിന്‍ഷ്യല്‍ സുപ്പീരിയറായി തിരഞ്ഞെടുക്കപ്പെട്ടു.
ഈ സ്ഥാനത്ത് സേവനമനുഷ്ഠിക്കവേ, 1983 ജനുവരി 22-ന് രാജ്കോട്ട് സീറോ മലബാര്‍ രൂപതയുടെ മെത്രാനായി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ നിയമിച്ചു.
1983 ഏപ്രില്‍ 24-ന് അദ്ദേഹം മെത്രാനായി അഭിഷിക്തനായി. 2010 ജൂണില്‍ രൂപതയുടെ ചുമതലകളില്‍ നിന്നു വിരമിച്ചശേഷം, രാജ്‌കോട്ടിലെ പ്രോവിന്‍ഷ്യല്‍ ഹൗസില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.