മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ മുന്‍ അധ്യക്ഷന്‍ ഡോ. ഏബ്രഹാം മാര്‍ യൂലിയോസ് കാലം ചെയ്തു
മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ മുന്‍ അധ്യക്ഷന്‍ ഡോ. ഏബ്രഹാം മാര്‍ യൂലിയോസ് കാലം ചെയ്തു. പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. തിരുവല്ല അരമനയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം.
1945 മേയ് 25 ന് തിരുവല്ലയിലെ കല്ലൂപ്പാറയില്‍ ജനിച്ച അദ്ദേഹം കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍നിന്ന് തത്ത്വശാസ്ത്രവും റോമിലെ പ്രൊപ്പഗാന്ത കോളജില്‍നിന്ന് ദൈവശാസ്ത്രവും പൂര്‍ത്തിയാക്കി. റോമിലെ ഉര്‍ബാനിയ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബൈബിള്‍ തിയോളജിയില്‍ ഡോക്ടറേറ്റും അദ്ദേഹം നേടിയിട്ടുണ്ട്.
തിരുവനന്തപുരം സെന്റ് മേരീസ് മലങ്കര മേജര്‍ സെമിനാരി റെക്ടര്‍, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ഡയറക്ടര്‍ എന്നീ പദവികളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. 2008 ഫെബ്രുവരി ഒന്‍പതിനാണ് മൂവാറ്റുപുഴ രൂപതയുടെ മെത്രാനായി അഭിഷിക്തനായത്. സെപ്റ്റംബര്‍ 21 തിങ്കളാഴ്ചയാണ് ഡോ. ഏബ്രഹാം മാര്‍ യൂലിയോസിന്റെ കബറടക്കം.