ഇറാൻ പരമോന്നത സുരക്ഷാ കൗൺസിലിലേക്ക് മുൻ ഐ.ആർ.ജി.സി മേധാവി മൊഹ്‌സൻ റെസായിയെ നിയമിച്ചു
ഇറാൻ പരമാധികാരി മുജ്തബ ഖമേനിയുടെ പുതിയ സുപ്രധാന നിയമനം. മുൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) മേധാവിയും എക്സ്പീഡിയൻസി ഡിസ്കേർൺമെന്റ് കൗൺസിൽ അംഗവുമായ മൊഹ്‌സൻ റെസായിയെ രാജ്യത്തിന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിലേക്കുള്ള (SNSC) തന്റെ പ്രതിനിധിയായി നിയമിച്ചു. മുഹമ്മദ് ബഖർ സുൽഘദറിന് പകരമാണ് പുതിയ നിയമനം.
ഞായറാഴ്ച പുറത്തിറങ്ങിയ ഉത്തരവിലാണ് ഈ നിയമനം പ്രഖ്യാപിച്ചത്. എട്ട് വർഷത്തെ ഇറാൻ-ഇറാഖ് യുദ്ധത്തിലെ പ്രമുഖ കമാൻഡർമാരിൽ ഒരാളായ റെസായിയുടെ സേവനങ്ങളെയും അനുഭവസമ്പത്തിനെയും പരമാധികാരി പ്രശംസിച്ചു. മുൻപ് അലി ലാരിജാനിയും തുടർന്ന് മുഹമ്മദ് ബഖർ സുൽഘദറുമായിരുന്നു ഈ പദവി വഹിച്ചിരുന്നത്.
സ്ഥാനത്തുനിന്ന് മാറ്റിയ മുഹമ്മദ് ബഖർ സുൽഘദറിനെ പരമാധികാരിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി നിയമിച്ചു. അദ്ദേഹത്തിന്റെ സേവനങ്ങളെ ഖമേനി അഭിനന്ദിച്ചു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പരമാധികാരി മുജ്തബ ഖമേനിയുമായി കൂടിക്കാഴ്ച നടത്തിയതായി ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ സൈനിക-സാമ്പത്തിക സ്ഥിതിഗതികൾ, അമേരിക്ക-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലം, ജനങ്ങളുടെ ജീവിതച്ചെലവ്, ഊർജ്ജ-വിദേശ കറൻസി മാനേജ്മെന്റ് എന്നിവ ചർച്ചയായി.