അനുമതിയില്ലാതെ മുന്‍ കമ്മീഷണര്‍ ലൈസന്‍സ് നല്കി; നെടുമ്പാശേരി എയര്‍ ലോഞ്ച് ബാറിന്റെ ലൈസന്‍സ് റദ്ദാക്കി സര്‍ക്കാര്‍, എഫ് എല്‍ 7 ലൈസന്‍സിനുള്ള നടപടിക്രമങ്ങളാണ് റദ്ദാക്കിയത്
എറണാകുളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്തവത്തിലെ ടെര്‍മിനല്‍ മൂന്നിലെ എയര്‍ ലോഞ്ച് ബാറിന് നല്കിയ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി.
സര്‍ക്കാര്‍ അനുമതിയില്ലാതെ മുന്‍ കമ്മീഷണര്‍ സ്വീകരിച്ച നടപടിയാണ് അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ആര്. ജയശങ്കര്‍ റദ്ദാക്കിയത്. എഫ് എല്‍ 7 ലൈസന്‍സിനുള്ള നടപടിക്രമങ്ങളാണ് റദ്ദാക്കിയത്. ലൈസന്‍സിനായി അടച്ചിട്ടുള്ള 200000 രൂപ തിരികെ ലഭിക്കാന്‍ ഈ ട്രഷറിയില്‍ അപേക്ഷ നല്‍കാം.
അതേസമയം, പുതിയ മദ്യനയം വരുന്നതുവരെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് നികുതി വകുപ്പ്. സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കാതെ മദ്യ വ്യാപാരത്തിനുള്ള ലൈസന്‍സ് നല്‍കരുതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കൂടാതെ, മുന്‍ എക്സൈസ് കമ്മീഷണര്‍ സാംബശിവ റാവു ഉന്നയിച്ച കോഴ ആരോപണത്തില്‍ സര്‍ക്കാര്‍ ഉടന്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് എക്സൈസ് വകുപ്പിന്റെ ശിപാര്‍ശ. പുതിയ എക്സൈസ് കമ്മീഷണറെ നിയമിക്കാനുള്ള നടപടികളും വേഗത്തിലാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.
പദവി ഒഴിയുന്നതിന് മുന്‍പ് മുന്‍ എക്സൈസ് കമ്മീഷണര്‍ സാംബശിവ റാവു സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗുരുതരമായ കോഴ ആരോപണങ്ങളുള്ളത്.
സെന്‍ട്രല്‍ എക്സൈസ് ജോയിന്റ് കമ്മീഷണര്‍ എസ്. വിനോദ്, ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ആര് അജയ് എന്നിവര്‍ ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയെന്ന വിവരമാണ് റിപ്പോര്‍ട്ടിലുള്ളത്. ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നാണ് എക്സൈസ് വിജിലന്‍സ് വിഭാഗത്തിന്റെ വിലയിരുത്തല്‍.
പുതിയ എക്സൈസ് കമ്മീഷണറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്, എക്സൈസ് മന്ത്രി എം. ലിജു എന്നിവരുമായി ചീഫ് സെക്രട്ടറി ആശയവിനിമയം നടത്തിയിട്ടുണ്ട്. യുവ ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. വൈകാതെ പുതിയ കമ്മീഷണറെ നിയമിക്കുമെന്നാണ് സൂചന.