മാനുഷികമായി നേടുവാൻ സാധിക്കുന്ന ഒരു കൃപയല്ല ക്ഷമ: പാപ്പാ
ബാഴ്സലോണയിലെ യുവജനങ്ങള്‍ക്കൊപ്പം നടത്തിയ ജാഗരണ പ്രാര്‍ത്ഥനാവേളയില്‍, പാപ്പാ യുവാക്കളുടെ വിവിധങ്ങളായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ട്, കത്തോലിക്കാ സഭയുടെ മാതൃ ഭാവത്തെ എടുത്തു കാണിച്ചു. യുവാക്കള്‍ പങ്കുവച്ച അനുഭവ സാക്ഷ്യങ്ങള്‍ക്ക് പാപ്പാ നന്ദിയര്‍പ്പിച്ചു.
സത്യത്തിനും സന്തോഷത്തിനും വേണ്ടിയുള്ള നമ്മുടെ ആഗ്രഹത്തിന് വിശാലമായ ഒരു ചക്രവാളം ആവശ്യമാണെന്നും, അതിനായി ആഴത്തിലുള്ള ഒരു യാത്ര ആവശ്യമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.
ഓരോ പരിമിതമായ ചക്രവാളവും ഓരോ ചുവടും ഓരോ വിജയവും നമ്മെ തൃപ്തിപ്പെടുത്തുമ്പോള്‍ തന്നെ അവ നമ്മെ വീണ്ടും മുന്‍പോട്ടു നടക്കുവാന്‍ പ്രേരിപ്പിക്കണമെന്നും പാപ്പാ പറഞ്ഞു. വ്യക്തിയെ കേന്ദ്രസ്ഥാനത്ത് നിര്‍ത്താത്തതും വിവിധ തലങ്ങളില്‍ അനീതിയുടെയും അസ്തിത്വപരമായ ദാരിദ്ര്യത്തിന്റെയും സാഹചര്യങ്ങള്‍ക്ക് കാരണമാകുന്നതുമായ സാമൂഹിക വ്യവസ്ഥകള്‍ നമ്മെ അസ്വസ്ഥതപ്പെടുത്തണമെന്നും, ലോകത്തിന്റെ പ്രലോഭനങ്ങള്‍ക്ക് പകരമായി, നിശബ്ദതയുടെ നിമിഷങ്ങള്‍ വളര്‍ത്തിയെടുവാനും, സുവിശേഷം വായിക്കാനും , ദൈവവുമായി സംസാരിക്കാനും, മറ്റുള്ളവരുമായി ഒരുമിച്ച് ആന്തരിക യാത്ര നടത്താന്‍ ശ്രമിക്കുവാനും, സഭയോടൊപ്പം യാത്ര ചെയ്യുവാനും, വൈദികരെ കണ്ടുമുട്ടുവാനും പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു.
കഷ്ടപ്പാടുകള്‍ എന്നും ഒരു യാഥാര്‍ഥ്യമാണെന്നും, നിരാശ നിറഞ്ഞ ജീവിതത്തില്‍, യേശുവുമായുള്ള സമ്പര്‍ക്കം, ജീവിതത്തില്‍ ആത്മവിശ്വാസം വീണ്ടെടുക്കുവാനും, രോഗത്തില്‍ നിന്ന് സുഖം പ്രാപിക്കുവാനും, ജീവിതത്തിലേക്ക് മടങ്ങാന്‍ വീണ്ടും എഴുന്നേല്‍ക്കുവാനും നമ്മെ പ്രാപ്തരാക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
സമ്മര്‍ദ്ദങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും ആളുകളെ വിധേയമാക്കുന്ന ഒരു സാഹചര്യത്തില്‍ മാനസികാരോഗ്യം വീണ്ടെടുക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നും പാപ്പാ പറഞ്ഞു.
തന്റെ ഇഹലോക വാസത്തിന്റെ അവസാനം യേശു അനുഭവിച്ച വേദകളെയും കഷ്ടപ്പാടുകളെയും പാപ്പാ എടുത്തു പറഞ്ഞു. അന്ത്യ അത്താഴത്തിന്റെയും ഗത്സെമനിയിലെ പ്രാര്‍ത്ഥനയുടെയും നിമിഷങ്ങളെയും, കുരിശില്‍ മരിക്കുന്നതിനു തൊട്ടുമുമ്പ് ഭൂമിയെങ്ങും അന്ധകാരം ബാധിച്ചതും ചൂണ്ടിക്കാണിച്ചുകൊണ്ട്, ദൈവപുത്രന്‍ മനുഷ്യരാശിയുടെ എല്ലാ ദുഃഖവും ഏകാന്തതയും കഷ്ടപ്പാടുകളും സ്വന്തം ജഡത്തില്‍ ഏറ്റെടുത്തുവെന്നു പാപ്പാ വിശദീകരിച്ചു.
നമ്മുടെ വേദന പങ്കുവെക്കുകയും, നമ്മുടെ ദുഃഖങ്ങളുടെ ഭാരം വഹിക്കുകയും, നമ്മോടൊപ്പം കഷ്ടപ്പെടുകയും, നാം കരയുമ്പോള്‍, സ്‌നേഹവും കരുണയും നിറഞ്ഞ തന്റെ സാന്നിധ്യത്തോടെ നമ്മുടെ അരികില്‍ നില്‍ക്കുന്ന ഒരു കരുണാമയുള്ള ദൈവത്തിന്റെ മുഖമാണ് ഇവിടെ വെളിപ്പെടുന്നതെന്നും പാപ്പാ പറഞ്ഞു.
യേശുവിന്റെ കുരിശ് നമ്മോട് പറയുന്നത് , ദൈവം നമ്മെ കൈവിടുന്നില്ല എന്നും , വേദനയുടെയും അങ്ങേയറ്റത്തെ ഏകാന്തതയുടെയും നിമിഷത്തില്‍ അവന്‍ നമ്മോടുകൂടെ കുരിശില്‍ തറയ്ക്കപ്പെടുന്നു എന്നും , അവന്‍ നമ്മുടെ കണ്ണുനീര്‍ മാത്രമല്ല, മറ്റുള്ളവര്‍ കേള്‍ക്കാത്ത നമ്മുടെ കഷ്ടപ്പാടിന്റെ നിലവിളി പോലും കേള്‍ക്കുന്നു എന്നുമാണെന്നു പാപ്പാ പറഞ്ഞു.
ഏറ്റവും പ്രയാസകരവും വേദനാജനകവുമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍, നമ്മുടെ ഹൃദയത്തില്‍ വഹിക്കുന്ന ഭാരങ്ങള്‍ ഒരിക്കല്‍ കൂടി അവനെ ഏല്‍പ്പിക്കുകയും, നിലവിളി ഉയര്‍ത്തുകയും വേണമെന്നും പാപ്പാ എടുത്തുപറഞ്ഞു. ജീവിതത്തിന്റെ പുനര്‍ജനനം ദൈവത്തോടൊപ്പം മാത്രമാണ് സാധ്യമാകുന്നതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
നമ്മെ വേദനിപ്പിച്ചവരോട് ക്ഷമിക്കുവാന്‍ സാധിക്കുക എന്നത്, ദൈവകൃപയുടെ ഒരു അടയാളം തന്നെയാണെന്ന് പാപ്പാ എടുത്തു പറഞ്ഞു. പല കുറ്റകൃത്യ വാര്‍ത്തകളും, ഇന്നും കുടുംബ ബന്ധങ്ങളിലെ വിഷലിപ്തമായ അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും, ദുരുപയോഗവും അടിച്ചമര്‍ത്തലും, പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും, നിര്‍ഭാഗ്യവശാല്‍ പലപ്പോഴും സ്ത്രീഹത്യകളിലേക്കും നയിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
വ്യക്തിപരമായും ഒരു സമൂഹമെന്ന നിലയിലും ഈ നാടകീയ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
ഈ തിന്മകള്‍ക്കെതിരെ പോരാടുവാനുള്ള ഇച്ഛാശക്തി മനുഷ്യര്‍ ആര്‍ജ്ജിക്കണമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
അക്രമം നിലനില്‍ക്കുന്നുവെങ്കില്‍, സ്വാര്‍ത്ഥത വിജയിക്കുന്നുവെങ്കില്‍, കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്‌നേഹം പോലും വിദ്വേഷമായി മാറുകയാണെങ്കില്‍, നമ്മെക്കുറിച്ച്, നമ്മുടെ സമൂഹത്തിന്റെ ചലനാത്മകതയെക്കുറിച്ച്, വ്യക്തിത്വത്തിന്റെ സംസ്‌കാരത്തെക്കുറിച്ച്, അക്രമത്തിലേക്കുള്ള പ്രലോഭനത്തെക്കുറിച്ച്, നാം നമ്മോട് തന്നെ ചോദ്യങ്ങള്‍ ഉന്നയിക്കണെമന്നും പാപ്പാ പറഞ്ഞു.
യേശു നമ്മെ ക്ഷമയിലേക്ക് ക്ഷണിക്കുമ്പോള്‍, ആ ക്ഷമയുടെ കൃപയ്ക്കു വേണ്ടി നാം പ്രാര്‍ത്ഥിക്കണമെന്നു പാപ്പാ പറഞ്ഞു. മാനുഷികമായി നേടുവാന്‍ സാധിക്കുന്നഒരു കൃപയല്ല ക്ഷമയെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.
ക്ഷമ എല്ലായ്‌പ്പോഴും മുന്‍ സാഹചര്യത്തിലേക്ക് മടങ്ങുന്നതിനോ അല്ലെങ്കില്‍ നമ്മെ വേദനിപ്പിച്ചവരുമായി പൂര്‍ണ്ണ ബന്ധം പുലര്‍ത്തുന്നതിനോ തുല്യമാണെന്ന് കരുതരുതെന്നും, മറിച്ച് അപരനോട്, നല്ല ഹൃദയസ്വഭാവം നിലനിര്‍ത്താനും, ഏതെങ്കിലും തരത്തിലുള്ള വിദ്വേഷമോ പ്രതികാരമോ നിരസിക്കാനും, കഴിയുന്നത്ര ബന്ധം പുനഃക്രമീകരിക്കാന്‍ ശ്രമിക്കാനും, ഒരുപക്ഷേ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും നമ്മെ സഹായിക്കുന്ന ഒരു കൃപയാണെന്നും പാപ്പാ പറഞ്ഞു.