വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എന്തും ചെയ്യാനുള്ള അനുവാദം നല്‍കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി. സംസ്ഥാനത്ത് നടക്കുന്നത് കാട്ടുനീതി: മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍

ഇടുക്കി: തൊടുപുഴയ്ക്ക് അടുത്തുള്ള തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളിയുടെ കീഴില്‍ നാരങ്ങാനത്ത് സ്ഥാപിച്ച കുരിശ് വനപാലകര്‍ തകര്‍ത്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എന്തും ചെയ്യാനുള്ള അനുവാദം നല്‍കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സംസ്ഥാനത്ത് നടക്കുന്നത് കാട്ടുനീതിയാണെന്നും ബിഷപ്പ് പറഞ്ഞു.
തൊമ്മന്‍കുത്ത് സെന്റ് തോമസ് ദേവാലയത്തിന്റെ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം. കുരിശ് മാറ്റാന്‍ നിയമപരമായി പറയാമായിരുന്നു. അത് ചെയ്തില്ല. കുരിശിനെയും വിശ്വാസത്തെയും അവഹേളിക്കുകയായിരുന്നു. കള്ളന്മാരെ പോലെ വന്ന് കുരിശ് തകര്‍ത്തു. വിശ്വാസത്തെ അവഹേളിച്ചു. ഇതില്‍ വനം വകുപ്പ് എത്രയും വേഗം പരിഹാരമുണ്ടാക്കണം.
വനം വകുപ്പ് പ്രതികാരം ചെയ്യുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വനം വകുപ്പിന് എന്തും ചെയ്യാം. എവിടെയും കയറി ആളുകളെ ഉപദ്രവിക്കാം. സര്‍ക്കാരും രാഷ്ട്രീയക്കാരും വനം വകുപ്പ് ഉദ്യോഗസ്ഥരെ പേടിക്കുകയാണ്. നാട്ടില്‍ സൈ്വര്യമായി ജീവിക്കാന്‍ അനുവദിക്കുന്നില്ല.
പണ്ടൊക്കെ വന്യജീവികളായിരുന്നു വനത്തിലെ പ്രശ്നക്കാര്‍. ഇപ്പോള്‍ അവരെക്കാള്‍ ഭയങ്കരന്‍മാരായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍. പട്ടയമില്ലാത്തതെല്ലാം വനഭൂമിയാണെങ്കില്‍ നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാകുമെന്നും മാര്‍ മഠത്തിക്കണ്ടത്തില്‍ ആരോപിച്ചു.