ചിന്നക്കനാലില്‍ കൂടുതല്‍ നടപടികളുമായി വനംവകുപ്പ്; അനധികൃത കയ്യേറ്റ ഭൂമിയിലെ ഏലക്കൃഷി നശിപ്പിച്ചു; ഫെന്‍സിങ് പൊളിച്ചുനീക്കി

 
CHINNAKANAL


 

ഇടുക്കി: ചിന്നക്കനാല്‍ റിസര്‍വ് ഫോറസ്റ്റ് മേഖലയില്‍ അനധികൃതമായി കയ്യേറിയ 10 ഹെക്ടര്‍ ഭൂമി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചു. 


കയ്യേറ്റഭൂമിയില്‍ നട്ടുപിടിപ്പിച്ചിരുന്ന ഏലക്കൃഷി നശിപ്പിക്കുകയും കൃഷിയിടങ്ങള്‍ക്ക് സംരക്ഷണം തീര്‍ക്കാനായി സ്ഥാപിച്ചിരുന്ന ഫെന്‍സിങ്ങുകള്‍ പൊളിച്ചുനീക്കുകയും ചെയ്തു. 


വന്യജീവികളുടെ സ്വാഭാവിക സഞ്ചാരപഥങ്ങളും ആനത്താരകളും പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് വനംവകുപ്പിന്റെ ശക്തമായ നടപടി.


ചിന്നക്കനാല്‍ റേഞ്ച് ഓഫീസര്‍ അരുണ്‍ ഇ.ഡിയുടെയും സ്‌പെഷ്യല്‍ റവന്യൂ ഓഫീസറുടെയും നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രൊപ്പോസ്ഡ് വനമായി പ്രഖ്യാപിച്ച ഈ മേഖലയില്‍ 56 ഹെക്ടറോളം വനംഭൂമി കയ്യേറിയതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടികള്‍.

കെഎസ്ഇബിയുടെ വൃഷ്ടിപ്രദേശത്തും സമാനമായ രീതിയില്‍ കയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ പ്രദേശങ്ങളിലേക്കും വരുംദിവസങ്ങളില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ വ്യാപിപ്പിക്കും.

മേഖലയില്‍ രൂക്ഷമായ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിനും വന്യജീവികളുടെ സ്വാഭാവിക സഞ്ചാരപാത ഉറപ്പാക്കുന്നതിനും ഇത്തരം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ അനിവാര്യമാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. 

ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web