റിയാദില്‍ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാരന്റെ ബാഗില്‍ നിന്നും രണ്ട് ലക്ഷം രൂപയുടെ വിദേശ കറന്‍സി മോഷണം പോയി. പണമടങ്ങിയ ബാഗിന്റെ നമ്പര്‍ ലോക്ക് മാറ്റിയ നിലയില്‍
കൊച്ചി : റിയാദിൽ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്ന് വിദേശ കറൻസി മോഷണം പോയി. രണ്ട് ലക്ഷം രൂപയുടെ കറൻസിയാണ് ആലുവ സ്വദേശി ഷഫീഖ് ഈസ്മയിലിന് നഷ്ടമായത്.
റിയാദിൽ നിന്ന് മൂന്നു ബാഗുകളാണ് ചെക്കിൻ ചെയ്യാൻ നൽകിയിരുന്നത്. എന്നാൽ, നെടുമ്പാശ്ശേരിയിൽ എത്തിയപ്പോൾ പണമടങ്ങിയ ബാഗിന്റെ നമ്പർ ലോക്ക് മാറ്റിയ നിലയിലായിരുന്നു എന്ന് ഷഫീഖ് പറയുന്നു.
ഇന്ത്യൻ എംബസി സ്‌കൂൾ കായികാധ്യാപകൻ കൂടിയാണ് ഷഫീഖ്. ആകാശ് എയർലൈൻസിലാണ് യാത്ര ചെയ്തത്. പണമടങ്ങിയ ബാഗ് ഉൾപ്പടെ മൂന്ന് ബാഗുകളാണ് ചെക്കിൻ ചെയ്യാൻ അയച്ചത്.
ബാഗ് അയച്ചതിന് ശേഷമാണ് പണമുള്ള കാര്യം ഓർത്തത്. അപ്പോൾ തന്നെ ആകാശയുടെ മാനേജറോട് ഇക്കാര്യം പറഞ്ഞെങ്കിലും സുരക്ഷിതമായിരിക്കുമെന്ന മറുപടിയാണ് ലഭിച്ചത്.
എന്നാൽ, കൊച്ചിയിലെത്തി നോക്കിയപ്പോൾ പണമടങ്ങിയ ബാഗിന്റെ ലോക്ക് മാറ്റിയ നിലയിലായിരുന്നു. 8000 റിയാലാണ് ബാഗിൽ ഉണ്ടായിരുന്നത്. ബാഗിൽ ഉണ്ടായിരുന്ന ചോക്ലേറ്റ് ഉൾപ്പടെയുള്ളവ വാരി വലിച്ചിട്ട നിലയിലായിരുന്നുവെന്നും ഷഫീഖ് പറഞ്ഞു.
ഇതേ വിമാനത്തിൽ വന്ന മറ്റൊരു നേഴ്‌സിന്റെ ബാഗും ഇതേപോലെ നമ്പർ ലോക്ക് മാറ്റിയ നിലയിൽ കണ്ടെത്തിയെങ്കിലും അതിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിരുന്നില്ല.