വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ വർഷകാല സമ്മേളനത്തിൽ വീണ്ടും പരിഗണനയ്ക്ക് വരുന്നു
ശക്തമായ പ്രതിഷേധങ്ങളെത്തുടർന്ന് കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ മാറ്റിവെച്ച വിദേശ സംഭാവന നിയന്ത്രണ നിയമ (FCRA) ഭേദഗതി ബിൽ, തിങ്കളാഴ്ച ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിൽ വീണ്ടും പരിഗണനയ്ക്ക് വരുന്നു. ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇന്നലെ പുറത്തിറക്കിയ ബുള്ളറ്റിനിൽ, ഈ ഭേദഗതി ബിൽ ഉൾപ്പെടെയുള്ള ഏഴ് ബില്ലുകൾ സഭയുടെ പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പും, ക്രൈസ്തവ സഭകളും വിവിധ സന്നദ്ധ സംഘടനകളും (NGOs) ഉയർത്തിയ ശക്തമായ പ്രതിഷേധങ്ങളും കാരണമാണ് ലോക്‌സഭയിൽ നേരത്തെ അവതരിപ്പിച്ച ഈ ബിൽ തുടർനടപടികളിലേക്ക് കടക്കാതെ മാറ്റിവെച്ചിരുന്നത്. ഭേദഗതികളിലെ കർശന വ്യവസ്ഥകൾ സന്നദ്ധ സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലാകരുത് എന്ന് ആവശ്യപ്പെട്ട് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (CBCI) കേന്ദ്ര സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്. ആദ്യ ബില്ലിലെ വ്യവസ്ഥകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു എന്നിവർക്കാണ് സമിതി നിവേദനം സമർപ്പിച്ചത്.