രണ്ട് വര്‍ഷത്തോളമായി ഡോ. ഹാരിസ് ഹസന്‍ പറഞ്ഞ പരാതിയ്ക്ക് പരിഹാരം. യൂറോളജി വകുപ്പിലേക്ക് മൂത്രാശയക്കല്ല് പൊടിക്കുന്ന ഉപകരണം വാങ്ങാന്‍ ഭരണാനുമതി

 

 
dr haris

തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ യൂറോളജി വകുപ്പിലേക്ക് മൂത്രാശയക്കല്ല് പൊടിക്കുന്ന ഉപകരണം വാങ്ങാന്‍ ഭരണാനുമതി. 2023 മുതല്‍ ഉപകരണത്തിന്റെ കാലാവധി കഴിഞ്ഞുവെന്ന് വകുപ്പ് മേധാവി ഡോ. ഹാരിസ് ഹസന്‍ ചൂണ്ടിക്കാട്ടിയിരുന്നു.


 ശസ്ത്രക്രിയ ഉപകരണങ്ങള്‍ കുറവാണെന്ന് ഉള്‍പ്പെടെയുള്ള ഡോ. ഹാരിസ് ഹസന്റെ പരാതികള്‍ ശരിവയ്ക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. 

നിലവില്‍ യൂറോളജി വിഭാഗത്തിലുള്ള മൂത്രാശയക്കല്ല് പൊടിക്കുന്ന ഉപകരണത്തിന് 13 വര്‍ഷത്തെ പഴക്കമുണ്ട്. കാലാവധി കഴിഞ്ഞ ഉപകരണം മാറ്റണമെന്ന് രണ്ട് വര്‍ഷത്തോളമായി ഡോ. ഹാരിസ് ആവശ്യപ്പെട്ട് വരികയാണ്. 

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇതുമായി ബന്ധപ്പെട്ട് ഒരു കത്ത് 2024ല്‍ ആരോഗ്യവകുപ്പിന് നല്‍കിയിരുന്നു. ആ ശിപാര്‍ശ പരിഗണിച്ച ശേഷമാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. ആശുപത്രി വികസന സമിതിയുടെ അനുമതിയോടുകൂടി രണ്ട് കോടി ചെലവിലാണ് ഉപകരണം വാങ്ങുന്നത്.

മെഡിക്കല്‍ കോളജിലേക്ക് റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിന് എംആര്‍ഐ മെഷീന്‍ ഉള്‍പ്പെടെയുള്ളവ വാങ്ങാനും അനുമതി ലഭിച്ചതായാണ് വിവരം. മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളുടെ അപര്യാപ്തതയെക്കുറിച്ച് ഡോ. ഹാരിസ് ഹസന്‍ പരസ്യപ്രതികരണങ്ങള്‍ നടത്തിയത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ കാണാതായ ഒരു ഉപകരണത്തെച്ചൊല്ലി ഡോ. ഹാരിസിനെ കുരുക്കാന്‍ നീക്കങ്ങള്‍ നടക്കുന്നതായും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Tags

Share this story

From Around the Web