നാവില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നവര്‍ക്ക് ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സാന്നിധ്യത്തില്‍ കൂടുതല്‍ വിശ്വാസമുള്ളതായി പഠനറിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍ ഡിസി: നാവില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നത് ഉള്‍പ്പടെ പരമ്പരാഗത ആരാധനാ അനുഭവങ്ങളുള്ള കത്തോലിക്കര്‍ക്ക് ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സാന്നിധ്യത്തില്‍ കൂടുതല്‍ വിശ്വാസമുള്ളതായി പഠനറിപ്പോര്‍ട്ട്.
ദിവ്യകാരുണ്യം യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥശരീരവും രക്തവുമാണെന്ന കത്തോലിക്കരുടെ ബോധ്യത്തെക്കുറിച്ച് നതാലി എ. ലിന്‍ഡെമാന്‍ പ്രസിദ്ധീകരിച്ച ജേണല്‍ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
നാവില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന് പുറമെ ദിവ്യകാരുണ്യ ആരാധന നടത്തുന്ന ദൈവാലയങ്ങളില്‍ ദിവ്യബലിയില്‍ പങ്കെടുത്തു വരുന്നവരിലും ദിവ്യകാരുണ്യത്തെ കുമ്പിട്ടാരാധിച്ച് കടന്നുപോകുന്ന പാരമ്പര്യം കണ്ട് വളര്‍ന്നവരിലും ദിവ്യകാരുണ്യം യേശുവിന്റെ തിരുശരീരരക്തങ്ങള്‍ തന്നെയാണെന്ന ബോധ്യം കൂടുതലാണെന്ന് ലേഖനം അടിവരയിടുന്നു.
വില്യം പാറ്റേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയിലെ മനഃശാസ്ത്ര വിഭാഗത്തിലെ പ്രൊഫസറാണ് ലിന്‍ഡെമാന്‍.
ദിവ്യകാരുണ്യം യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥ ശരീരവും രക്തവുമാണെന്ന വിശ്വാസം കത്തോലിക്കാ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവാണ്.
കാത്തലിക് സോഷ്യല്‍ സയന്‍സ് റിവ്യൂവില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ സമര്‍പ്പണമണി മുഴക്കുന്ന ഇടവക ദൈവാലയത്തില്‍ ദിവ്യബലിയില്‍ പങ്കെടുക്കുന്നതും, പരമ്പരാഗത ലാറ്റിന്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നതും ദിവ്യകാരുണ്യത്തിലെ യേശുവിന്റെ യഥാര്‍ത്ഥ സാന്നിധ്യത്തിലുള്ള വിശ്വാസത്തെ സ്വാധീനിക്കുന്നുണ്ടെന്ന് കണ്ടെത്തി.
860 യുഎസ് കത്തോലിക്കരില്‍ നടത്തിയ ഒരു സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 31% പേര്‍ ദിവ്യകാരുണ്യത്തില്‍ യേശുവിന്റെ യഥാര്‍ത്ഥ സാന്നിധ്യത്തെക്കുറിച്ച് ഉറപ്പ് പ്രകടിപ്പിച്ചു.