തുടര്‍ച്ചയായ മൂന്നാം വര്‍ഷവും അയര്‍ലന്‍ഡില്‍ ദൈവവിളിയില്‍ മുന്നേറ്റം: സെമിനാരികളില്‍ പ്രവേശനം നേടി കൂടുതല്‍ യുവാക്കള്‍
കത്തോലിക്കാ സഭയില്‍ ദൈവവിളിയില്‍ പ്രത്യാശ നല്‍കുന്ന മാറ്റങ്ങളുമായി അയര്‍ലന്‍ഡ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും രാജ്യത്തെ കത്തോലിക്കാ സെമിനാരികളില്‍ വൈദിക പഠനത്തിനായി ചേരുന്ന യുവാക്കളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി.
20262027 അക്കാദമിക് വര്‍ഷത്തില്‍ 15 പുതിയ വിദ്യാര്‍ഥികളാണ് പ്രാരംഭ ഘട്ട പരിശീലനത്തിലേക്ക് പ്രവേശനം നേടിയത്.
പുതിയ പ്രവേശനത്തോടെ അയര്‍ലന്‍ഡില്‍ രൂപതാ വൈദിക പരിശീലനം നേടുന്ന ആകെ സെമിനാരിസ്റ്റുകളുടെ എണ്ണം 74 ആയി ഉയര്‍ന്നു. ഇവരില്‍ 51 പേര്‍ മെയ്‌നൂത്തിലെ സെന്റ് പാട്രിക്‌സ് കോളേജിലും ഡണ്‍ഡാല്‍ക്കിലെ റെഡംപ്‌റ്റോറിസ് മാറ്റര്‍ സെമിനാരിയിലുമായി പഠനം നടത്തുന്നു.
എട്ട് പേര്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ സെമിനാരികളിലാണ് പരിശീലനം നേടുന്നത്. ഈ വര്‍ഷം പ്രവേശനം നേടിയ 15 പേരുടെയും ആദ്യ വര്‍ഷം മാനവികവും ആത്മീയവുമായ അടിത്തറ പാകുന്ന പരിശീലനത്തിനാണ് മുന്‍ഗണന നല്‍കുന്നത്.
തീവ്രമായ മതനിരപേക്ഷതയും സഭയില്‍ ചേരുന്നവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായ കുറവും വലിയ വെല്ലുവിളി ഉയര്‍ത്തിയ അയര്‍ലന്‍ഡില്‍, പുതിയ മാറ്റം വലിയ ആശ്വാസമാണ് നല്‍കുന്നത്. സഭാ നേതൃത്വം ഈ വര്‍ധനവിനെ വലിയൊരു മാറ്റത്തിന്റെ തുടക്കമായി കാണുന്നു. യുവാക്കളെ ദൈവിക വഴിയില്‍ ദീര്‍ഘകാലം നിലനിര്‍ത്തുന്നതിനായി പ്രാര്‍ഥനകളും കൃത്യമായ വഴികാട്ടലുകളും നല്‍കാന്‍ ബിഷപ്പുമാരും വൈദിക നേതൃത്വവും ആഹ്വാനം ചെയ്തു.