പ്രൊട്ടസ്റ്റന്റ് നവീകരണത്തിനുശേഷം ഇതാദ്യമായി എക്യുമെനിക്കല്‍ പ്രാര്‍ത്ഥന നടത്താന്‍ ബ്രിട്ടീഷ് രാജാവും മാര്‍പാപ്പയും

വത്തിക്കാന്‍ സിറ്റി: പതിനാറാം നൂറ്റാണ്ടില്‍ മാര്‍ട്ടിന്‍ ലൂഥര്‍, ജോണ്‍ കാല്‍വിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വേര്‍തിരിഞ്ഞുപോയ പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന് ശേഷം ഇതാദ്യമായി എക്യുമെനിക്കല്‍ പ്രാര്‍ത്ഥന നടത്താന്‍ ബ്രിട്ടീഷ് രാജാവും മാര്‍പാപ്പയും ഒരുങ്ങുന്നു.
'പ്രത്യാശയുടെ തീര്‍ത്ഥാടകര്‍' എന്ന നിലയില്‍ ഒരുമിച്ച് നടക്കുക എന്ന ജൂബിലി വര്‍ഷ പ്രമേയത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തില്‍ ഇംഗ്ലണ്ടിലെ സഭയുടെയും കത്തോലിക്ക സഭയുടെയും എക്യുമെനിക്കല്‍ പരിപാടി ഈ സന്ദര്‍ശന വേളയില്‍ ആഘോഷിക്കുമെന്നും ബക്കിംഗ്ഹാം കൊട്ടാരം നേരത്തെ വ്യക്തമാക്കിയിരിന്നു.
ഈ ദിവസങ്ങളില്‍ വത്തിക്കാനിലേക്കു സന്ദര്‍ശനം നടത്തുന്ന ബ്രിട്ടീഷ് രാജാവും രാജ്ഞിയും ലെയോ പതിനാലാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഒക്ടോബര്‍ 23 പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക്, സിസ്‌റ്റൈന്‍ ചാപ്പലിനുള്ളില്‍ മൈക്കലാഞ്ചലോ വരച്ച ചിത്രത്തിന് താഴെയാണ് സൃഷ്ടിയുടെ പരിപാലനത്തിനായുള്ള എക്യുമെനിക്കല്‍ പ്രാര്‍ത്ഥനയില്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് പങ്കെടുക്കുക. പ്രാര്‍ത്ഥനയ്ക്ക് മാര്‍പാപ്പ നേതൃത്വം നല്‍കും.
പരിസ്ഥിതി സംരക്ഷണത്തിനായി സമര്‍പ്പിതരായ വ്യക്തികളുമായും സംഘടനകളുമായും പാപ്പ കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ്, രാജാവും രാജ്ഞിയും റോമന്‍ മതിലുകള്‍ക്ക് പുറത്തുള്ള സെന്റ് പോള്‍ ബസിലിക്ക സന്ദര്‍ശിക്കും.
ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ വത്തിക്കാനിലേക്കുള്ള രാഷ്ട്ര സന്ദര്‍ശനങ്ങള്‍ സ്വകാര്യ സന്ദര്‍ശനങ്ങളേക്കാള്‍ ഔപചാരികമായ വിധത്തിലാണ് നിരീക്ഷിക്കപ്പെടാറുള്ളത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തിന് 12 ദിവസം മുന്‍പ് ഏപ്രില്‍ 9ന് രാജാവും രാജ്ഞിയും വത്തിക്കാന്‍ സന്ദര്‍ശിച്ചിരിന്നു.
ഫ്രാന്‍സിസ് പാപ്പ താമസിച്ചിരിന്ന കാസ സാന്തയില്‍വെച്ചായിരിന്നു സ്വകാര്യ കൂടിക്കാഴ്ച.
ചാള്‍സിന്റെയും കാമിലയുടെയും 20-ാം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് 20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പ ഇരുവരെയും ആശീര്‍വദിച്ചതായും റിപ്പോര്‍ട്ടുണ്ടായിരിന്നു.