പതിനാറാം നൂറ്റാണ്ടിലെ ആംഗ്ലിക്കന്‍ നവീകരണത്തിനു ശേഷം ഇതാദ്യമായി ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗത്തിന് കത്തോലിക്കാ വിശ്വാസ പ്രകാരമുള്ള മൃതസംസ്‌കാരം നടത്താന്‍ ഒരുങ്ങുന്നു

ലണ്ടന്‍: പതിനാറാം നൂറ്റാണ്ടിലെ ആംഗ്ലിക്കന്‍ നവീകരണത്തിനു ശേഷം ഇതാദ്യമായി ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗത്തിന് കത്തോലിക്കാ വിശ്വാസ പ്രകാരമുള്ള മൃതസംസ്‌കാരം നടത്താന്‍ ഒരുങ്ങുന്നു.
1994-ല്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ച കെന്റിലെ പ്രഭുപത്‌നിയുടെ മൃതസംസ്‌കാരമാണ് വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രലില്‍ സെപ്റ്റംബര്‍ 16ന് നടക്കുക. സെപ്റ്റംബര്‍ നാലിനാണ് 92 വയസ്സുണ്ടായിരിന്ന കാതറിന്‍ ലൂസി മേരി വോര്‍സ്ലി വിടവാങ്ങിയത്. ജന്മം കൊണ്ട് ആംഗ്ലിക്കന്‍ വിശ്വാസിയായിരിന്നു കാതറിന്‍.
1961-ല്‍ ??കെന്റ് പ്രഭുവും ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിന്റെ ചെറുമകനുമായ പ്രിന്‍സ് എഡ്വേര്‍ഡ് രാജകുമാരനെ വിവാഹം കഴിച്ചു. 1975-ല്‍, തന്റെ നാലാമത്തെ കുട്ടിയെ ഗര്‍ഭിണിയായിരിക്കെ, പ്രഭുപത്‌നിയ്ക്കു അഞ്ചാംപനി ബാധിച്ചു.
തുടര്‍ന്നു ഗര്‍ഭഛിദ്രം നടത്തി. പിന്നീട് ഗര്‍ഭാവസ്ഥയുടെ 36-ാം ആഴ്ചയില്‍ അവള്‍ക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടു. രണ്ട് വര്‍ഷം മുമ്പ് നടത്തിയ ഗര്‍ഭഛിദ്രത്തിനുള്ള ശിക്ഷയായാണ് അവള്‍ അതിനെ കണക്കാക്കിയത്.
വ്യക്തിപരമായ സഹനങ്ങളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍ നിന്നാണ് പ്രഭുപത്‌നി കത്തോലിക്കാ വിശ്വാസത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്നത്.
1685-ല്‍, ചാള്‍സ് രണ്ടാമന്‍ രാജാവ് മരണക്കിടക്കയില്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചിരിന്നു. എന്നാല്‍ അദ്ദേഹത്തിന് ആംഗ്ലിക്കന്‍ രീതിയിലുള്ള ശവസംസ്‌കാരം നടത്തി.
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരു അംഗത്തെയും കത്തോലിക്കാ സഭയിലേക്ക് പരസ്യമായി സ്വീകരിച്ചിട്ടില്ലായിരിന്നു. അതിനാല്‍ തന്നെ കെന്റ് പ്രഭു പത്‌നിയുടെ വിശ്വാസ പരിവര്‍ത്തനം ഏറെ ശ്രദ്ധ നേടിയ ഒന്നായിരിന്നു.
സെപ്റ്റംബര്‍ 16 ചൊവ്വാഴ്ച ഉച്ചയ്ക്ക് കത്തോലിക്ക വിശ്വാസ പ്രകാരം നടന്ന മൃതസംസ്‌കാര കര്‍മ്മങ്ങളിലും ദിവ്യബലിയിലും ചാള്‍സ് മൂന്നാമന്‍ രാജാവും കാമില രാജ്ഞിയും പങ്കെടുക്കും.