ചരിത്രത്തിലാദ്യമായി യേശുക്രിസ്തുവിന്റെ തിരുവസ്ത്രം മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്നു

 
holy tunic

ക്രൈസ്തവ വിശ്വാസത്തിലെ ഏറ്റവും പുരാതനമായ തിരുശേഷിപ്പുകളിലൊന്നായ യേശുക്രിസ്തുവിന്റെ വിശുദ്ധ തയ്യലില്ലാത്ത അങ്കി ചരിത്രത്തിലാദ്യമായി ഒരു മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നു.

 ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ ലെയോ പതിനാലാമന്‍ മാര്‍പാപ്പ പങ്കെടുക്കുന്ന യുവജന പ്രാര്‍ഥനാ സംഗമത്തിലാണ് ഈ ചരിത്രമുഹൂര്‍ത്തം ഒരുങ്ങുന്നത്.

ഫ്രാന്‍സിലെ പാരിസിന് സമീപമുള്ള ബാസിലിന ഡി സെന്റ് ഡെനിസ് അര്‍ജന്റ്യൂവിലില്‍  കഴിഞ്ഞ 1,200-ലേറെ വര്‍ഷങ്ങളായി സൂക്ഷിച്ചുപോരുന്നതാണ് ഈ തിരുശേഷിപ്പ്.

 ക്രിസ്തുവിന്റെ പീഡാസഹന വേളയില്‍ അണിഞ്ഞിരുന്നതെന്നും തയ്യലുകളില്ലാതെ നെയ്‌തെടുത്തതാണെന്നും വിശ്വസിക്കപ്പെടുന്ന ഈ തിരുവസ്ത്രം, സെന്റ്-ഡെനിസിലെ സ്റ്റേഡ് ഡി ഫ്രാന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രാര്‍ഥനാ സംഗമത്തിന്റെ സമാപനത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. എണ്‍പതിനായിരത്തോളം യുവാക്കളാണ് ഈ ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.


അര്‍ജന്റ്യൂവിലില്‍ നിന്ന് നാല് മൈലോളം  അകലെയുള്ള സ്റ്റേഡിയത്തിലേക്ക് അതീവ സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് ഈശോയുടെ തിരുവസ്ത്രം എത്തിക്കുന്നത്. കരമാര്‍ഗവും വ്യോമമാര്‍ഗവുമുള്ള നിരീക്ഷണങ്ങള്‍ അധികൃതര്‍ ഉറപ്പാക്കിയിട്ടുണ്ട്. 


1983-ല്‍ ഈ തിരുശേഷിപ്പ് മോഷണം പോവുകയും മാസങ്ങള്‍ക്ക് ശേഷം തിരികെ ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍, കൃത്യമായ യാത്രാ വഴി രഹസ്യമായി സൂക്ഷിച്ചുകൊണ്ടാണ് അധികൃതര്‍ മാറ്റം സാധ്യമാക്കുന്നത്.

സാധാരണയായി അര നൂറ്റാണ്ടില്‍ (50 വര്‍ഷം) ഒരിക്കല്‍ മാത്രം നടത്താറുള്ള അപൂര്‍വ പ്രദര്‍ശനമാണ് ഇപ്പോള്‍ മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.

 ക്രൈസ്തവ വിശ്വാസത്തിന്റെ പുരാതന പാരമ്പര്യവും ആധുനിക സഭയുടെ ജീവസ്സുറ്റ വിശ്വാസവും തമ്മിലുള്ള അപൂര്‍വ സംഗമമായി ഈ ചരിത്രനിമിഷം മാറുന്നു.
 

Tags

Share this story

From Around the Web