ചരിത്രത്തില്‍ ആദ്യമായി പെറൂവിയന്‍ ആമസോണില്‍ ഇന്ന് മാര്‍പാപ്പയുടെ ദിവ്യബലി
ലിമ (പെറു): പെറൂവിയന്‍ ആമസോണ്‍ മേഖലയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന ആദ്യത്തെ മാര്‍പാപ്പയായി ലിയോ 14-ാമന്‍ പാപ്പ ഇന്ന് ചരിത്രത്തില്‍ ഇടം പിടിക്കും.
ഒമ്പത് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോണ്‍ മേഖലയിലേക്കുള്ള പാപ്പയുടെ ഈ സന്ദര്‍ശനം അതീവ പ്രാധാന്യമുള്ളതാണെന്ന് പെറുവിയന്‍ ബിഷപ് മാര്‍ട്ടിന്‍ ക്വിജാനോ പറഞ്ഞു. ''ആമസോണില്‍ ഒരു മാര്‍പാപ്പ അര്‍പ്പിക്കുന്ന ആദ്യത്തെ വിശുദ്ധ കുര്‍ബാനയായിരിക്കും ഇത്. ഈ സന്ദര്‍ശനത്തിന്റെ ഏറ്റവും പ്രസക്തമായ ഭാഗമാണിത്.,'' ബിഷപ് മാര്‍ട്ടിന്‍ പറഞ്ഞു.
മുന്‍കാലങ്ങളില്‍ മാര്‍പാപ്പമാര്‍ പെറുവിയന്‍ ആമസോണ്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും അവിടെ ദിവ്യബലി അര്‍പ്പിച്ചിരുന്നില്ല. 1985-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇക്വിറ്റോസില്‍ എത്തിയപ്പോള്‍ തദ്ദേശീയരായ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുക മാത്രമാണ് ചെയ്തത്.
സമാനമായി, 2018 ജനുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്യൂര്‍ട്ടോ മാല്‍ഡൊണാഡോ സന്ദര്‍ശിച്ചപ്പോഴും ദിവ്യബലിക്ക് കാര്‍മ്മികത്വം വഹിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ലിയോ പതിനാലാമന്‍ പാപ്പയുടെ പുക്കാല്‍പ സന്ദര്‍ശനം സഭാചരിത്രത്തില്‍ പുതിയൊരു അധ്യായമാകുന്നത്.
ലിയോ 14-ാമന്‍ പാപ്പയുടെ ഈ യാത്രയ്ക്ക് അഗാധമായ അജപാലനപരമായ അര്‍ത്ഥമാണുള്ളതെന്ന് പെറുവിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോ ബിഷപ് പൗലോ റോക്കോ ഗ്വാള്‍ട്ടിയേരി പറഞ്ഞു. സഭയിലെ തന്റെ മുന്‍കാല ശുശ്രൂഷയുടെ ഭാഗമായിരുന്ന നാട്ടിലേക്കുള്ള പാപ്പയുടെ ഈ തിരിച്ചുവരവിന് സവിശേഷമായ പ്രാധാന്യമുണ്ടെന്നും നൂണ്‍ഷ്യോ കൂട്ടിച്ചേര്‍ത്തു.
പെറുവിന്റെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതികളായ തീരദേശം, പര്‍വ്വതനിരകള്‍, ആമസോണ്‍ വനമേഖല എന്നിവയെല്ലാം സന്ദര്‍ശിക്കുന്നതിലൂടെ, സുവിശേഷത്തിന്റെ ശക്തി രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളിലേക്കും എത്തിക്കാനാണ് പാപ്പ ലക്ഷ്യമിടുന്നതെന്ന് നൂണ്‍ഷ്യോ വ്യക്തമാക്കി