ചരിത്രത്തില്‍ ആദ്യമായി വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭൗതികാവശിഷ്ടങ്ങളുടെ പൊതുദര്‍ശനം ആരംഭിച്ചു
അസീസി/ഇറ്റലി: അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ചരിത്രത്തിലാദ്യമായി വിശ്വാസികള്‍ക്ക് നേരിട്ട് ദര്‍ശിക്കാനായി തുറന്നുകൊടുത്തു.
വിശുദ്ധന്റെ മരണത്തിന്റെ 800-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇറ്റലിയിലെ അസീസിയിലുള്ള ബസിലിക്കയില്‍ ഫെബ്രുവരി 22-നാണ് ഈ ചരിത്രപരമായ പൊതുദര്‍ശനം ആരംഭച്ചത്. മാര്‍ച്ച് 22-ന് പൊതുദര്‍ശനം അവസാനിക്കും. വിശുദ്ധന്റെ തിരുശേഷിപ്പ് നേരിട്ട് കാണുവാന്‍ നാല് ലക്ഷത്തോളമാളുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മഞ്ഞുവീഴ്ച അവഗണിച്ച് പുലര്‍ച്ചെ മുതല്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് പൊതുദര്‍ശനം നടക്കുന്ന ബസിലിക്കയുടെ താഴത്തെ ദേവാലയത്തിലേക്ക് ഒഴുകിയെത്തിയത്. വരുംദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ സംഖ്യ ഇനിയും വര്‍ധിക്കുമെന്ന് പ്രതീക്ഷുന്നു.
കല്ലറയ്ക്കുള്ളില്‍ അടക്കം ചെയ്തിരിന്ന വിശുദ്ധന്റെ അസ്ഥികള്‍, ഇപ്പോള്‍ ഒരു പ്രത്യേക ഗ്ലാസ് പേടകത്തിലാണ് വണക്കത്തിനായി വെച്ചിരിക്കുന്നത്. എട്ടു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഭൂമിയിലൂടെ നടന്ന ആ പാദങ്ങളുടെ അസ്ഥികള്‍ക്ക് അരികില്‍ നില്‍ക്കുമ്പോള്‍ പല തീര്‍ത്ഥാടകരും വികാരാധീനരായി.
ജീവിച്ചിരുന്നപ്പോള്‍ അഞ്ചടിയില്‍ താഴെ മാത്രം ഉയരമുണ്ടായിരുന്ന, അഴുക്കുപുരണ്ട വസ്ത്രം ധരിച്ചിരുന്ന, അത്ര സുന്ദരനല്ലാത്ത...ഫ്രാന്‍സിസ് ഇന്നും ലോകത്തോട് സംസാരിക്കുന്നതായി അസീസിയുടെ നിയുക്ത ബിഷപ് ഫെലിസ് അക്രോക്ക വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഫ്രാന്‍സിസ്‌കന്‍ സന്യാസിമാരുടെയും 400 -ഓളം അല്‍മായ വോളണ്ടിയേഴ്സിന്റെയും നേതൃത്വത്തില്‍ വിപുലമായ സജ്ജീകരണങ്ങളാണ് അസീസിയില്‍ ഒരുക്കിയിരിക്കുന്നത്.
ആയിരക്കണക്കിന് ജനങ്ങള്‍ എത്തുന്നുണ്ടെങ്കിലും ഒരോ അര മണിക്കൂറിലും 750ഓളമാളുകള്‍ക്ക് വിശുദ്ധന്റെ ഭൗതികശരീരം കണ്ട് വണങ്ങി നിശബ്ദമായി പ്രാര്‍ത്ഥിക്കുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.