ചരിത്രത്തില്‍ ആദ്യമായി കാത്തലിക് ബിബ്ലിക്കല്‍ അസോസിയേഷന്റെ അധ്യക്ഷയായി ജൂതവനിത

 
jesish


അമേരിക്കയിലെ കാത്തലിക് ബിബ്ലിക്കല്‍ അസോസിയേഷന്റെ അധ്യക്ഷയായി ജൂത വേദശാസ്ത്ര പണ്ഡിതയായ ആമി-ജില്‍ ലെവിന്‍ തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ 88 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജൂതപണ്ഡിത ഈ പദവിയിലെത്തുന്നത്. 2026 ജൂലൈ 20 ന് ബാള്‍ട്ടിമോറില്‍ നടന്ന സംഘടനയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് 2026-2027 വര്‍ഷത്തേക്കുള്ള പുതിയ അധ്യക്ഷയായി ആമി-ജില്‍ ലെവിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

1936 ല്‍ അമേരിക്കന്‍ കത്തോലിക്കാ ബൈബിള്‍ പണ്ഡിതന്മാര്‍ ആരംഭിച്ച സംഘടനയാണ് കാത്തലിക് ബിബ്ലിക്കല്‍ അസോസിയേഷന്‍. ആഗോളതലത്തില്‍ ആയിരത്തിലധികം അംഗങ്ങളുള്ള ഈ പ്രസ്ഥാനത്തില്‍ കത്തോലിക്കരും അല്ലാത്തവരുമായ നിരവധി വേദശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ലെവിന്‍. 'ദി കാത്തലിക് ബിബ്ലിക്കല്‍ ക്വാര്‍ട്ടര്‍ലി' എന്ന ജേണലിന്റെ ബുക്ക് റിവ്യൂ എഡിറ്ററായും അസോസിയേഷന്‍ ഉപാധ്യക്ഷയായും അവര്‍ മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.


കണക്റ്റിക്കട്ടിലെ ഹാര്‍ട്ട്‌ഫോര്‍ഡ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ആമി-ജില്‍ ലെവിന്‍, പുതിയ നിയമത്തിലും ജൂതപഠനങ്ങളിലും പ്രശസ്തയായ പണ്ഡിതയാണ്. 2019 ല്‍ റോമിലെ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ നിയമം പഠിപ്പിച്ച ആദ്യ ജൂതവനിത എന്ന നേട്ടവും ഇവര്‍ കൈവരിച്ചിരുന്നു. ക്രിസ്തുമതത്തിന്റെ ആദ്യകാല ചരിത്രത്തെയും യേശുക്രിസ്തുവിന്റെ മനുഷ്യത്വത്തെയും അവിടത്തെ ജൂതപശ്ചാത്തലത്തെയും കുറിച്ച് ആഴത്തില്‍ പഠനം നടത്തുന്ന ലെവിന്റെ സമീപനം കത്തോലിക്കാ സഭയിലും വലിയ രീതിയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. മുന്‍പ് വത്തിക്കാനില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍, ഇവര്‍ എഡിറ്റ് ചെയ്ത 'ദി ജൂയിഷ് അനോട്ടേറ്റഡ് ന്യൂ ടെസ്റ്റമെന്റ്' എന്ന ഗ്രന്ഥത്തെ മാര്‍പാപ്പ പ്രത്യേകം പ്രശംസിച്ചിരുന്നു.

Tags

Share this story

From Around the Web