അല്പനേരത്തെ പ്രശസ്തിക്കോ? വിശ്വാസ്യത സംശയാസ്പദം; 'ചക്കക്കൊമ്പന്' ഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി: ഇടുക്കിയിലെ 'ചക്കക്കൊമ്പന്' എന്നറിയപ്പെടുന്ന കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പിന്റെ നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. യഥാര്‍ത്ഥ പൊതുതാല്പര്യത്തിനാണോ അതോ പ്രശസ്തിക്ക് വേണ്ടിയാണോ കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു.
ഹര്‍ജിക്കാരന്റെ വിശ്വാസ്യത അത്യന്തം സംശയാസ്പദമാണെന്ന് നിരീക്ഷിച്ച കോടതി, പത്ര-ദൃശ്യ മാധ്യമങ്ങളില്‍ താല്‍ക്കാലിക പ്രശസ്തി നേടുന്നതിനുള്ള ശ്രമമാണിതെന്നും വ്യക്തമാക്കി. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ശ്യാം കുമാര്‍ വി.എം. എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് പ്രിന്‍സ് ചാക്കോ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചത്. ആനയെ മയക്കുവെടി വെക്കുന്നതും പിടികൂടുന്നതും മറ്റൊരിടത്തേക്ക് മാറ്റുന്നതും തടയണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.
ഇതിനുപുറമെ, ആനത്താരകളെയും ആവാസവ്യവസ്ഥയെയും സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നും റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ചിന്നക്കനാലിലെയും സമീപ പ്രദേശങ്ങളിലെയും മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടിരുന്നു.