ഫുട്ബോൾ കളിക്കാർ ഉത്തരവാദിത്വപൂർണ്ണമായ മാതൃക നൽകണം: പാപ്പാ

 
Leo

ഇറ്റാലിയയിലെ മിലാനിൽ നിന്നുള്ള ഇന്റർ ഫുട്ബോൾ ടീം അംഗങ്ങൾക്ക്, ലിയോ പതിനാലാമൻ പാപ്പാ, മെയ് മാസം ഒൻപതാം തീയതി ശനിയാഴ്ച്ച, വത്തിക്കാനിൽ വച്ച് കൂടിക്കാഴ്ച അനുവദിച്ചു. അന്നേദിവസം റോമിൽ വച്ച് ലാസിയോ ടീമിനെതിരെ നടക്കുന്ന മത്സരത്തിന് മുൻപാണ് പാപ്പയുമായുള്ള കൂടിക്കാഴ്ച്ച. ടീമിലെ കളിക്കാർ, ഭാരവാഹികൾ, നിർവാഹികൾ എന്നിവർ കൂടിക്കാഴ്ച്ചയിൽ സംബന്ധിച്ചു.

തദവസരത്തിൽ പാപ്പാ ഒരു ഹ്രസ്വസന്ദേശവും നൽകി.  ത്രിത്വ സ്തുതിയോടെയാണ് പാപ്പാ സന്ദേശം ആരംഭിച്ചത്. ടീം അംഗങ്ങളെ സ്വീകരിക്കുന്നതിൽ തനിക്കുള്ള സന്തോഷം അദ്ദേഹം പങ്കുവച്ചു. പ്രതിബദ്ധത, കൂട്ടായ്മ , അച്ചടക്കം, സ്ഥിരോത്സാഹം എന്നീ മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട്, ആവേശകരവും ബുദ്ധിമുട്ടുള്ളതുമായ നിമിഷങ്ങളിൽ, നിരുത്സാഹപ്പെടാതെ മുൻപോട്ടു പോകുവാൻ ഒരു ടീമെന്ന നിലയിൽ ഇന്ററിനു സാധിച്ചുവെന്നു പാപ്പാ എടുത്തു പറഞ്ഞു. ഇത് യുവാക്കൾക്ക് വലിയ ഒരു സന്ദേശം നൽകുന്നുവെന്നും പാപ്പാ പറഞ്ഞു. അനുകരിക്കേണ്ട മാതൃകകളായി, നായകന്മാരായി കളിക്കാരെ അവർ പ്രതിഷ്ഠിക്കുമ്പോൾ, പ്രകടനത്തിനപ്പുറമുള്ള ഒരു ഉത്തരവാദിത്തം ഓർമ്മപ്പെടുത്തുവെന്നും, അത് കായികതാരങ്ങളെന്ന നിലയിൽ മൂല്യങ്ങളുടെ സാക്ഷികളാകാൻ ഏവരെയും ക്ഷണിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

ഇന്ന് ഇത്തരത്തിലുള്ള മാതൃകകളാണ് യുവസമൂഹത്തിനു ഏറെ ആവശ്യമെന്നതും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഏതാണ്ട് മുപ്പത്തിയഞ്ചു വർഷങ്ങൾക്കു മുമ്പ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ, ഇന്റർ ടീമിനെ അഭിസംബോധന ചെയ്തു പറഞ്ഞ വാക്കുകളും പാപ്പാ അനുസ്മരിച്ചു, "നിങ്ങളിലും നിങ്ങളുടെ പെരുമാറ്റത്തിലും ആധികാരികതയും പരീക്ഷണത്തോടുള്ള സത്യസന്ധതയും ഏവർക്കും തിരിച്ചറിയാൻ കഴിയുമെന്ന് ഉറപ്പാക്കുക" . ഇതേ വാക്കുകൾ താനും ആവർത്തിക്കുവാൻ ആഗ്രഹിക്കുന്നുവെന്നു ലിയോ പതിനാലാമൻ പാപ്പാ പറഞ്ഞു. തന്റെ അപ്പസ്തോലിക ആശീർവാദവും പാപ്പാ നൽകി.

Tags

Share this story

From Around the Web