സിനിമാ ഷൂട്ടിംഗ് സൈറ്റിലെ ഭക്ഷണമാലിന്യം പൊതുവഴിയിൽ തള്ളി; സിനിമ ഷൂട്ടിംഗ് സംഘത്തെ കയ്യോടെ പിടികൂടി പഞ്ചായത്ത് അധികൃതര്‍

 
police

വണ്ടിപ്പെരിയാര്‍: ദേശീയപാതയോരത്ത് സ്‌കൂളിന് സമീപം തമിഴ് സിനിമാ ഷൂട്ടിംഗ് സൈറ്റിലെ ഭക്ഷണമാലിന്യം കൊണ്ടുവന്ന് തള്ളിയത് കയ്യോടെ പിടികൂടി പഞ്ചായത്ത് അധികൃതര്‍. മാലിന്യം കൊണ്ടുവന്ന പിക്കപ്പ് ജീപ്പും ഡ്രൈവറെയും തൊഴിലാളികളെയും പഞ്ചായത്ത് അധികൃതര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. വാഹനമുടമയ്ക്ക് 5000 രൂപ പിഴയിടുകയും ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. വണ്ടിപ്പെരിയാര്‍ ടൗണിനടുത്തുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ദേശീയപാതയോരത്താണ് ഇവർ മാലിന്യം തള്ളിയത്. ഏതാനും ദിവസമായി ഇവിടെ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. ഈ സൈറ്റില്‍ നല്‍കിയ ഭക്ഷണത്തിന്റെ അഴുകി ദുര്‍ഗന്ധം വമിക്കുന്ന അവശിഷ്ടമാണ് ചാക്കില്‍ക്കെട്ടി തള്ളിയത്. മാലിന്യം കൊണ്ടുവന്ന് തള്ളുന്നത് കണ്ട ടാക്‌സി ഡ്രൈവര്‍മാര്‍ പഞ്ചായത്ത് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു.

സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഉടൻ തന്നെ സ്ഥലത്തെത്തി മാലിന്യം തള്ളുന്നത് തടഞ്ഞു. തുടർന്ന് വാഹനം തടഞ്ഞുവെച്ച് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. എറണാകുളം സ്വദേശിയുടെതാണ് വാഹനം. പഞ്ചായത്ത് സെക്രട്ടറി ബിജോയ്, മറ്റ് ഉദ്യോഗസ്ഥരായ ജിജോമോന്‍,രഞ്ജിത്ത്, പി കെ ഗോപിനാഥന്‍, ഡ്രൈവര്‍മാരായ ബൈജു ചെറിയാന്‍, സജി ജേക്കബ്, സജീവ്, അശ്വിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്.

Tags

Share this story

From Around the Web