സോമാലിയയില്‍ വരള്‍ച്ച, ക്ഷാമ ഭീതികള്‍ നിലനില്‍ക്കെ ഭക്ഷ്യ അരക്ഷിതാവസ്ഥ ഗുരുതരമാകുന്നുവെന്ന് ഫീദെസ് ഏജന്‍സി
2026-ലെ ആദ്യ മൂന്ന് മാസത്തെ ലഭ്യമായ കണക്കുകള്‍ പ്രകാരം സൊമാലിയയില്‍ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന ആളുകളുടെ എണ്ണം അറുപത്തഞ്ച് ലക്ഷത്തോളം ആയേക്കാമെന്ന് ഫീദെസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ വര്‍ഷം ഇതേ കാലയളവിലെ കണക്കുകള്‍ പ്രകാരം മുപ്പത്തിനാല് ലക്ഷത്തോളം ആളുകളായിരുന്നു കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിച്ചിരുന്നത്.
ഇതേസമയം സോമാലിയയിലെ മാനവികപ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ പുതിയൊരു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഏജന്‍സി വ്യക്തമാക്കി.
2025-ന്റെ രണ്ടാം പകുതിയില്‍ സോമാലിയ നേരിട്ട കടുത്ത വരള്‍ച്ചയുടെ കൂടി അടിസ്ഥാനത്തിലാണ്, ഐക്യരാഷ്ട്രസംഘടന ഇത്തരമൊരു പ്രസ്താവന പുറത്തുവിട്ടതെന്നും, ക്ഷേമപ്രശ്‌നങ്ങള്‍ ഭാഗികമായെങ്കിലും അതിജീവിക്കാന്‍ തക്കവിധം ഇതിന് മുന്‍പുള്ള രണ്ടുവര്‍ഷങ്ങളില്‍ കുറച്ചെങ്കിലും മഴ ലഭിച്ചിരുന്നുവെന്നും ഫീദെസ് എഴുതി.
നിലവിലെ കാലാവസ്ഥാപ്രതിസന്ധിയും ഭക്ഷ്യ അരക്ഷിതാവസ്ഥയും ഇടയന്മാരെയും പാവപ്പെട്ടവരും കുടിയൊഴിക്കപ്പെട്ടവരായ കൃഷിക്കാരെയുമാണ് കൂടുതലായി ബാധിക്കുകയെന്ന് ഓര്‍മ്മിപ്പിച്ച ഫീദെസ്, രാജ്യത്തിനുള്ളിലെ പ്രതിസന്ധികള്‍, പ്രത്യേകിച്ച് ജിഹാദി തീവ്രവാദപ്രവര്‍ത്തനങ്ങളും രാഷ്ട്രീയ സുസ്ഥിരതയില്ലായ്മയും ഇത് കൂടുതല്‍ ഗൗരവതരമാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെ വില വര്‍ദ്ധിച്ചതും, അന്താരാഷ്ട്രസഹായങ്ങള്‍ എത്തുന്നത് കുറഞ്ഞതും ഈ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകാന്‍ കാരണമായെന്ന് വിശദീകരിച്ച ഫീദെസ്, ജനുവരി മാസത്തെ കണക്കുകള്‍ പ്രകാരം, രാജ്യത്ത് സഹായം ആവശ്യമുള്ളവരില്‍ 17 ശതമാനത്തിന് മാത്രമേ അതെത്തിക്കാനായിട്ടുള്ളൂ എന്നും, വരും മാസങ്ങളില്‍ ഇത് ഇനിയും കുറഞ്ഞ്, 9 ശതമാനമായേക്കാമെന്നും മുന്നറിയിപ്പ് നല്‍കി.
ഒരു കോടി തൊണ്ണൂറ് ലക്ഷത്തോളം ആളുകളുള്ള സോമാലിയയിലെ മൂന്നിലൊന്ന് ആളുകളും ഐപിസി നിരക്ക് മൂന്നിലാണെന്നും, ഏതാണ്ട് നാല്‍പ്പത് ലക്ഷത്തോളം ആളുകള്‍ നാലാമത്തെ നിരക്കിലാണെന്നും അറിയിച്ചു.
നിലവിലെ പ്രതിസന്ധിയുടെ മുന്നില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി സമ്മേളനങ്ങളും ചര്‍ച്ചകളും നടത്തിയിരുന്നുവെന്നും ഏജന്‍സി വ്യക്തമാക്കി.