ഫ്‌ലൈദുബൈ കോക്പിറ്റ് ആക്രമണം; ഒമാനി സഹപൈലറ്റിനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്
സഹപൈലറ്റിനെ നേരത്തെ തന്നെ സുരക്ഷാ ഭീഷണിയായി കണക്കാക്കിയിരുന്നതായി റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: ഫ്‌ലൈദുബൈ വിമാനത്തിലെ കോക്പിറ്റ് ആക്രമണവുമായി ബന്ധപ്പെട്ട ഒമാനി സഹപൈലറ്റിനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ഹമാം അല്‍ ഹമ്മാമിയെയാണ് തിരിച്ചറിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെല്‍ അവീവിലേക്ക് പോയ ഫ്‌ലൈദുബൈ വിമാനത്തിലെ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആക്രമിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തതായാണ് സഹപൈലറ്റിനെതിരായ ആരോപണം.
സഹപൈലറ്റിനെ നേരത്തെ തന്നെ സുരക്ഷാ ഭീഷണിയായി കണക്കാക്കിയിരുന്നതായി എബിസി ന്യൂസും വാള്‍സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്തു. തീവ്രവാദ ആശയങ്ങളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഒമാനില്‍ വിമാനം പറത്തുന്നതിന് ഇയാള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒമാന് പുറത്ത്, പ്രത്യേകിച്ച് സിറിയയില്‍, ഇയാള്‍ ഏറെക്കാലം ചെലവഴിച്ചിരുന്നതായും അവിടെവെച്ച് തീവ്രവാദ ആശയങ്ങളുമായി സമ്പര്‍ക്കത്തിലായതായും റിപ്പോര്‍ട്ടുകളുണ്ട്. പിന്നീട് ഇയാള്‍ യുഎഇയിലേക്ക് യാത്ര ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
180 പേരുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലേക്കായിരുന്നു ഫ്‌ലൈദുബൈ എദ1073 വിമാനം പുറപ്പെട്ടത്. സൗദി അറേബ്യക്ക് മുകളിലൂടെ ഏകദേശം 33,00034,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ, യാത്ര തുടങ്ങി രണ്ട് മണിക്കൂറോളം കഴിഞ്ഞപ്പോള്‍ സഹപൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആക്രമിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റിട്ടും മച്ചാര്‍ കോക്പിറ്റിന്റെ വാതില്‍ തുറക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരും ജീവനക്കാരും കോക്പിറ്റിലെത്തി സഹപൈലറ്റിനെ കീഴടക്കി.വിമാനം വഴിതിരിച്ചുവിട്ട് വടക്കുപടിഞ്ഞാറന്‍ സൗദിയിലെ തബൂക്കിലുള്ള പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരായി. യാത്രക്കാരില്‍ ഗുരുതര പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇരുപൈലറ്റുമാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പകരം വിമാനത്തിലാണ് യാത്രക്കാരെ ഇസ്രായേലിലെത്തിച്ചത്. സൗദി അധികൃതര്‍ സഹപൈലറ്റിനെ കസ്റ്റഡിയിലെടുത്ത ശേഷം യുഎഇക്ക് കൈമാറിയതായും അന്വേഷണത്തിന്റെ ഭാഗമായി ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.