ഫ്‌ലൈ ദുബൈ വിമാനം അടിയന്തരമായി ഇറക്കല്‍: കോ-പൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ചതായി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്, ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാര്‍ സുഖം പ്രാപിച്ചുവരുന്നു
റിയാദ്/ദുബൈ: ദുബൈ- ടെല്‍ അവീവ് ഫ്‌ലൈ ദുബൈ വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ അടിയന്തരമായി ഇറക്കിയ സംഭവത്തില്‍ ഔദ്യോഗിക വിശദീകരണവുമായി സൗദി അറേബ്യ. കോ പൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ചതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി. സൗദി അധികൃതര്‍ യുഎഇയില്‍നിന്നുള്ള സുരക്ഷാ സംഘവുമായി സഹകരിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വിമാനത്തില്‍ പൈലറ്റുമാര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി കണ്ടെത്തിയത്. കോ-പൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ചതായും തുടര്‍ന്ന് ഇരുവര്‍ക്കും പരിക്കേറ്റതായും അന്വേഷണത്തില്‍ വ്യക്തമായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.വൈദ്യപരിശോധനക്കും ചികിത്സക്കുമായി ക്യാപ്റ്റനെയും കോ-പൈലറ്റിനെയും തബൂക്കിലെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില സംബന്ധിച്ച പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും ഒക്ടോബര്‍ ഒന്നിന് സൗദിയില്‍നിന്ന് അബൂദബിയിലേക്ക് മടങ്ങി. യു.എ.ഇ സുരക്ഷാ സംഘവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
വിമാനത്തിലെ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സൗദി അധികൃതര്‍ അന്താരാഷ്ട്ര, മാനുഷിക ബാധ്യതകള്‍ പൂര്‍ണമായി പാലിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തിലും ഫലപ്രദമായും പ്രതികരിക്കാനുള്ള രാജ്യത്തെ വ്യോമയാനസുരക്ഷാ സംവിധാനങ്ങളുടെ സജ്ജതയും സംഭവം വ്യക്തമാക്കുന്നതായും അധികൃതര്‍ അറിയിച്ചു.തബൂക്കിലെ പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ച രാവിലെ 9.45നാണ് വിമാനം സുരക്ഷിതമായി ഇറക്കി. വിമാനത്തില്‍ 174 യാത്രക്കാരും എട്ട് ജീവനക്കാരും അടക്കം 182 പേരാണ് ഉണ്ടായിരുന്നത്.
സഹ പൈലറ്റിന്റെ കുത്തേറ്റിട്ടും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി ധീര വ്യക്തിയായി മാറിയ ഇന്ത്യക്കാരനായ പൈലറ്റ് സ്മിത് മച്ചാര്‍ ദുബൈയിലെ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുകയാണ്. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ദുബൈയിലെ ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. സ്മിത് സുഖം പ്രാപിച്ച് വരുന്നുവെന്ന് അംബാസഡര്‍ പറഞ്ഞു. നേരത്തെ അബൂദബിയിലുള്ള കുടുംബത്തെയും അംബാസഡര്‍ സന്ദര്‍ശിച്ചിരുന്നു. ഫ്‌ലൈ ദുബൈ ആക്രമണത്തില്‍ തീവ്രവാദ ബന്ധവും പരിശോധിക്കുമെന്ന് യുഎഇ വ്യക്തമാക്കിയിട്ടുണ്ട്. യുഎഇ ജനറല്‍ സിവില്‍ എവിയേഷന് പുറമെ പബ്ലിക് പ്രോസിക്യൂഷനും അന്വേഷണം നടത്തും.