പ്രളയജലം ഉല്ലാസവും സാഹസികതയും കാണിക്കാനുള്ള ഇടമല്ല. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലേക്കും നദികളുടെയും തോടുകളുടെയും സമീപത്തേക്കും പോകുന്നത് ഒഴിവാക്കണമെന്ന് നിർദേശം
കോട്ടയം: പ്രളയജലത്തിൽ സാഹസികത തെളിയിക്കാൻ ഇറങ്ങുന്നത് ഒഴിവാക്കാൻ തയ്യാറാവാതെ യുവാക്കൾ. വെള്ളക്കെട്ടിലെ റീൽസ് ചിത്രീകരണമാണ് മറ്റൊരു കൂട്ടർ ചെയ്യുന്നത്.
റോഡുകളിലും പാടശേഖരങ്ങളിലും വെള്ളം ഉയർന്നതോടെ വാഹനങ്ങൾ ഇറക്കിയും അപകടകരമായി നീന്തിയും വീഡിയോ ചിത്രീകരണം തകൃതിയാണ്.
പെരുന്തേനരുവി അതിന്റെ എല്ലാ രൗദ്രഭാവവും ആവാഹിച്ച് കലിതുള്ളിയൊഴുകുകയാണ്. ഏറ്റവും അപകടം നിറഞ്ഞ സമയത്തും യുവാക്കൾ ഉല്ലാസത്തിനായി ഇവിടെക്ക് എത്തുന്നുണ്ട്. ഏകദേശം തൊണ്ണൂറിലധികം (90) ആളുകൾ ഇവിടെ മരിച്ചിട്ടുണ്ട്.
മുന്നറിയിപ്പുകൾ അവഗണിച്ച് ഇപ്പോഴും നിരവധി പേർ ഇവിടേക്ക് എത്തുന്നുണ്ട്.
ഇനിയും ഒരു കുടുംബത്തിന്റെ കൂടി കണ്ണുനീർ കാണാൻ ഞങ്ങൾക്ക് വയ്യ എന്ന് പ്രദേശവാസികൾ പറയുന്നു.
ഇത് ഒരിടത്തെ മാത്രം പ്രശ്നമല്ല.
കുത്തിയൊലിച്ചൊഴുകുന്ന ആറ്റിലേക്ക് പാലത്തിൽനിന്ന് ചാടുന്നതിന്റെയും, വെള്ളം കെട്ടിക്കിടക്കുന്ന അപകടകരമായ മേഖലകളിൽ റീൽസ് ചിത്രീകരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ശക്തമായ ഒഴുക്കുള്ള വെള്ളത്തിൽ പെട്ടാൽ പരിചയസമ്പന്നരായ നീന്തൽക്കാർക്കുപോലും രക്ഷപ്പെടാൻ സാധിക്കില്ലെന്നിരിക്കെയാണ് ഇത്തരം സാഹസികത.
അപകടങ്ങൾ സംഭവിക്കുമ്പോൾ രക്ഷാപ്രവർത്തകർക്കും നാട്ടുകാർക്കും ഇത് ഇരട്ടി ഭാരമാവുകയാണ് ചെയ്യുന്നത്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്.
കഴിഞ്ഞ ദിവസം മണർകാട് ഒഴുക്കിൽപ്പെട്ട വാട്ടർ ടാങ്ക് തിരിച്ചുപിടിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചിരുന്നു. അടിത്തട്ടിൽ എന്തുണ്ടെന്നോ വെള്ളത്തിന്റെ ആഴമോ ഒഴുക്കിന്റെ വേഗതയോ അറിയാതെയാണ് ഇത്തരക്കാർ പ്രളയജലത്തിലേക്ക് എടുത്തുചാടുന്നത്.
കഴിഞ്ഞ ദിവസം കോട്ടയം ഇറഞ്ഞാൽ പാലത്തിൽനിന്ന് പ്രളയജലം നിറഞ്ഞ ആറ്റിലേക്ക് ചാടി സാഹസികപ്രകടനം നടത്തുന്ന പ്രദേശവാസിയുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രളയജലത്തിലെ ഒഴുക്കും ചെളിയും കാരണം നിമിഷങ്ങൾക്കുള്ളിൽ അപകടം സംഭവിക്കാം.
അപകടങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലേക്കും നദികളുടെയും തോടുകളുടെയും സമീപത്തേക്കും പോകുന്നത് ഒഴിവാക്കണമെന്ന് ഭരണകൂടം നിർദേശം നൽകുന്നു.
വെള്ളം കെട്ടിക്കിടക്കുന്ന റോഡുകളിലൂടെ വാഹനത്തിലോ നടന്നോ യാത്ര ചെയ്യുന്നത് അപകടകരമാണ്. കുട്ടികൾ വീടിനുള്ളിൽത്തന്നെ കഴിയുന്നുവെന്ന് മാതാപിതാക്കൾ ഉറപ്പാക്കണം. വെള്ളം ഉയർന്നത് കാണാനും മീൻപിടിക്കാനും മറ്റും കുട്ടികളും മുതിർന്നവരും പുറത്തിറങ്ങുന്നത് പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.