പാക്കിസ്ഥാനിലെ വെള്ളപ്പൊക്കം.പഞ്ചാബില്‍ പതിനഞ്ച് ലക്ഷത്തോളം അഭയാര്‍ത്ഥികള്‍

 
flood


കനത്ത മഴയും അതേത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും പാക്കിസ്ഥാനിലെ വിവിധയിടങ്ങളില്‍ സാധാരണ ജനജീവിതം ദുരിതപൂര്‍ണ്ണമാക്കിയെന്നും, നിരവധി വീടുകളും ദേവാലയങ്ങളുമുള്‍പ്പെടെ വെള്ളത്തിനടിയിലായെന്നും, പഞ്ചാബില്‍ മാത്രം പതിനഞ്ച് ലക്ഷത്തോളം പേരാണ് കുടിയിറങ്ങാന്‍ നിര്‍ബന്ധിതരായതെന്നും ഫീദെസ് വാര്‍ത്താ ഏജന്‍സി.

 ആയിരക്കണക്കിനാളുകള്‍ വഴിയോരങ്ങളില്‍ കഴിയാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും, ഭക്ഷണമോ മറ്റു സൗകര്യങ്ങളോ അവര്‍ക്ക് ലഭ്യമല്ലെന്നും, ലാഹോറിന്റെ തെക്കുഭാഗത്തുള്ള ഭായ് ഫേരു ഇടവക വികാരിയും കപ്പൂച്ചിന്‍ വൈദികനുമായ കൈസര്‍ ഫെറോസിനെ പരാമര്‍ശിച്ചുകൊണ്ട് ഫീദെസ് വിശദീകരിച്ചു.

സത്‌ലജ്, രവി, ചെനാബ് നദികളില്‍ ഉള്‍പ്പെടെ കടുത്ത വെള്ളപ്പൊക്കവും, നിരവധിയാളുകളുടെ മരണവും ഉണ്ടായതിനെത്തുടര്‍ന്ന് പഞ്ചാബ് ഗവണ്‍മെന്റ് അടുത്ത വര്‍ഷങ്ങളിലുണ്ടായതില്‍ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് പ്രദേശത്ത് നടത്തിയിരിക്കുന്നത്. 


കഴിഞ്ഞ നാല്‍പ്പത് വര്‍ഷങ്ങളിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് പ്രവിശ്യയില്‍ ഉണ്ടായിരിക്കുന്നതെന്നും പ്രദേശത്ത് നൂറുകണക്കിന് ഗ്രാമങ്ങള്‍ തകര്‍ന്നുവെന്നും ഏക്കര്‍ കണക്കിന് കൃഷിഭൂമി വെള്ളത്തിനടിയിലായെന്നും ഫീദെസ് അറിയിച്ചു.

കടുത്ത മഴയും വെള്ളപ്പൊക്കവും കാരണം രണ്ടരക്കോടിയോളം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സാധിക്കുന്നില്ലെന്നും, കഴിഞ്ഞ രണ്ടു മാസങ്ങളില്‍ ഇരുനൂറിലധികം കുട്ടികള്‍ ഉള്‍പ്പെടെ എണ്ണൂറോളം പേരാണ് വെള്ളപ്പൊക്കം മൂലം മരണമടഞ്ഞതെന്നും ഫാ. ഫെറോസ് ഫീദെസ് ഏജന്‍സിയോട് പറഞ്ഞു.

മണ്‍സൂണ്‍ മഴയും, ഇന്ത്യയിലെ അണക്കെട്ടുകളില്‍നിന്ന് കൂടുതലായി പുറത്തുവിടുന്ന വെള്ളവുമാണ് പഞ്ചാബിലെ നദികളില്‍ കനത്ത വെള്ളപ്പൊക്കമുണ്ടാകാന്‍ കാരണമായതെന്ന് ഫീദെസ് എഴുതി. ഏതാണ്ട് ആയിരത്തിനാനൂറ് ഗ്രാമങ്ങളാണ് വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്നത്.

കുടിയിറങ്ങാന്‍ നിര്‍ബന്ധിതരായവര്‍ക്ക് വേണ്ട ഭക്ഷണവും, ശുദ്ധജലവും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നല്‍കാന്‍ പാകിസ്ഥാന്‍ ഗവണ്മെന്റ് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും, ഏതാണ്ട് രണ്ട് ലക്ഷത്തോളം മൃഗങ്ങളെ സുരക്ഷിതയിടങ്ങളിലെത്തിച്ചുവെന്നും രാജ്യത്തെ ദുരിതനിവാരണകേന്ദ്രം അറിയിച്ചു. 


വെള്ളപ്പൊക്കം മൂലം ബുദ്ധിമുട്ടുന്നവര്‍ക്കായി 700 ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും, 265 ആരോഗ്യസേവനകേന്ദ്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫിനൊപ്പം ഓഗസ്റ്റ് 28-ന് ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷേബാസ് ഷരീബ്, വെള്ളപ്പൊക്കം കൂടുതല്‍ ശക്തമാകാന്‍ കാരണമായ ഇന്ത്യന്‍ നടപടിയില്‍ പ്രതിഷേധം അറിയിച്ചു.

Tags

Share this story

From Around the Web