മഹാരാഷ്ട്രയിൽ പ്രളയക്കെടുതി രൂക്ഷം; വസായ്-വിരാർ പൂർണ്ണമായി വെള്ളത്തിനടിയിൽ; നരകയാതനയിലായി ജനങ്ങൾ! 70 മണിക്കൂറായി വൈദ്യുതിയില്ല

 
MUMBAI

മുംബൈ: മഹാരാഷ്ട്രയിലെ വസായ്-വിരാര്‍ മേഖലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മണ്‍സൂണ്‍ മഴയെത്തുടര്‍ന്ന് ജനജീവിതം പൂര്‍ണ്ണമായും സ്തംഭിച്ചു.

താഴ്ന്ന പ്രദേശങ്ങളെല്ലാം പൂര്‍ണ്ണമായി വെള്ളത്തിനടിയിലായ അവസ്ഥയിലാണ്. റോഡുകളിലും സൊസൈറ്റികളിലും ചന്തകളിലും വെള്ളം കയറിയത് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. 

പലയിടങ്ങളിലും കഴിഞ്ഞ 70 മണിക്കൂറോളമായി വൈദ്യുതി ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. വൈദ്യുതിയില്ലാത്തതിനെ തുടര്‍ന്ന് പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വന്നതോടെ കുടിവെള്ള വിതരണം തടസ്സപ്പെടുകയും മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. 

കുടിവെള്ളത്തിനായി ജനങ്ങള്‍ നീണ്ട ക്യൂവിലാണ് നില്‍ക്കുന്നത്, പലയിടങ്ങളിലും വാട്ടര്‍ ടാങ്കറുകളെയാണ് ആളുകള്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്. മൊബൈല്‍ ചാര്‍ജിംഗ്, ഇന്റര്‍നെറ്റ് സേവനങ്ങള്‍, മറ്റ് ഗാര്‍ഹിക ആവശ്യങ്ങള്‍ എന്നിവ തടസ്സപ്പെട്ടത് ചെറുകിട ബിസിനസുകളെയും ദൈനംദിന ജീവിതത്തെയും സാരമായി ബാധിച്ചു.

പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം പാടെ താറുമാറായി. ഓഫിസുകളിലേക്കും ജോലിസ്ഥലങ്ങളിലേക്കും പോകേണ്ട ജീവനക്കാര്‍ മണിക്കൂറുകളോളമാണ് വാഹനങ്ങളുടെ നീണ്ട നിരയില്‍ കുടുങ്ങിക്കിടക്കുന്നത്. ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളെയും പൊതുഗതാഗത സംവിധാനങ്ങളെയും മഴ ദോഷകരമായി ബാധിച്ചിട്ടുണ്ട്. 

വൈദ്യുതി ബന്ധം ഉടന്‍ പുനഃസ്ഥാപിക്കണമെന്നും കുടിവെള്ളം ലഭ്യമാക്കണമെന്നും വെള്ളക്കെട്ടുകള്‍ ഒഴുക്കിക്കളയാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജനങ്ങള്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ദുരിതാശ്വാസ സേനകള്‍ രംഗത്തുണ്ടെങ്കിലും സ്ഥിതിഗതികള്‍ സാധാരണ നിലയിലാകാന്‍ സമയമെടുക്കും. 

വരും മണിക്കൂറുകളിലും മേഖലയില്‍ ശക്തമായ മഴ തുടരുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. 

മുംബൈ, പൂനെ ഉള്‍പ്പെടെയുള്ള മഹാരാഷ്ട്രയിലെ മറ്റ് ജില്ലകളിലും കനത്ത മഴ നാശനഷ്ടങ്ങള്‍ വിതച്ചിട്ടുണ്ട്. കൊങ്കണ്‍ മേഖലയിലെ പാല്‍ഘര്‍, റായ്ഗഡ്, രത്‌നഗിരി ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുംബൈ, താനെ മേഖലകളില്‍ ഇന്ന് മിതമായ മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Tags

Share this story

From Around the Web