പ്രളയ ദുരിതത്തിനു ശമനമില്ല, കിഴക്കന്‍ വെള്ളത്തിന്റെ വരവ് വീണ്ടും വര്‍ധിച്ചതോടെ എട്ടാം ദിവസവും വെള്ളത്തില്‍ മുങ്ങി കോട്ടയത്തിന്റെ പടിഞ്ഞാറന്‍ ഗ്രാമങ്ങള്‍
 

 
FLOOD

കോട്ടയം: പ്രളയ ദുരിതത്തിനു ശമനമില്ല, കിഴക്കന്‍ വെള്ളത്തിന്റെ വരവ് വീണ്ടും വര്‍ധിച്ചതോടെ എട്ടാം ദിവസവും വെള്ളത്തില്‍ മുങ്ങി പടിഞ്ഞാറന്‍ ഗ്രാമങ്ങള്‍.

വിജയപുരം, തിരുവാര്‍പ്പ്, അയ്മനം,ആര്‍പ്പൂക്കര, കുമരകം പഞ്ചായത്തുകളിലെയും കോട്ടയം നഗരസഭാ പ്രദേശത്തെയും ദുരിതം തുടരുകയാണ്.

മീനച്ചിലാര്‍ നിറഞ്ഞൊഴുകുന്നതിനാല്‍ വെള്ളം താഴുന്നില്ല. കോടിമത, തിരുവാര്‍പ്പ്, കുമരകം മേഖലകളില്‍ ഇന്നലെ വൈകിട്ടും ജലനിരപ്പ് അപകട നിരപ്പിനും മുകളിലാണ്.

 വൈകിട്ടായതോടെ കിഴക്കന്‍ വെള്ളത്തിന്റെ പ്രവാഹം വര്‍ധിക്കുകയും ചെയ്തു.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മുതല്‍ പെയ്ത ശക്തമായ മഴയാണു തിരിച്ചടിയായത്.

 ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറില്‍ തീക്കോയി, പൂഞ്ഞാര്‍ മേഖലയില്‍ ശരാശരി 10 സെൻ്റീ മീറ്റര്‍ മഴ പെയ്തതോടെ കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ധിക്കുകയായിരുന്നു.

വേഗം കുറഞ്ഞാണെങ്കിലും മീനച്ചിലാറ്റില്‍ വെള്ളം ഉയര്‍ന്നു. ഭരണങ്ങാനം, പാലാ മേഖലകളില്‍ നിന്നു മീനച്ചിലാറ്റിലേക്ക് എത്തുന്ന തോടുകള്‍ പലതും കവിഞ്ഞൊഴുകി.

 ചില റോഡുകള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. പന്നഗം തോടും രാവിലെ കരതൊട്ടാണ് ഒഴുകിയത്. പിന്നീട്, മഴ കുറഞ്ഞതോടെ വെള്ളവും താഴ്ന്നു.

അതേസമയം, പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളമിറങ്ങാന്‍ മടിക്കുകയാണ്. 

ജില്ലയിലെ വിവിധ താലൂക്കുകളില്‍ 139 ദുരിതാശ്വാസക്യാമ്പുകളിലായി 12,6 20 പേരാണ് കഴിയുന്നത്. 

വെള്ളമിറങ്ങി വീടുകളിലേക്ക് മടങ്ങി എത്താൻ ഇനിയും ചുരുങ്ങിയത് നാലു ദിവസമെങ്കിലും എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags

Share this story

From Around the Web