മിന്നൽ പ്രളയം, വെള്ളവും മണ്ണും കുത്തിയൊലിച്ചെത്തി; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങി 7 തൊഴിലാളികൾ മരിച്ചു

 
tunnel

ഡെറാഡൂൺ: ഉത്തരാഖണ്ഡിലുണ്ടായ മിന്നൽ പ്രളയത്തിൽ നിർമാണത്തിലിരുന്ന തുരങ്കത്തിലേക്ക് വെള്ളവും മണ്ണും കുത്തിയൊലിച്ചുകയറി ഏഴ് തൊഴിലാളികൾ ദാരുണമായി മരിച്ചു. ചമോലി ജില്ലയിലെ പീപൽക്കോട്ടിയിൽ തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപറേഷന്റെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിലാണ് വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ അപകടമുണ്ടായത്.

മഴയെത്തുടർന്നുള്ള മിന്നൽ പ്രളയത്തിന് പിന്നാലെ വൻതോതിൽ മണ്ണും വെള്ളവും തുരങ്കത്തിനുള്ളിലേക്ക് ഇരച്ചെത്തുകയായിരുന്നു. സംഭവ സമയം 22 തൊഴിലാളികളാണ് തുരങ്കത്തിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ നടത്തിയ തിരച്ചിലിൽ 13 പേരെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രികളിലേക്ക് മാറ്റി.

തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മരിച്ച ഏഴ് തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. കാണാതായ ശേഷിക്കുന്ന രണ്ട് തൊഴിലാളികൾക്കായി തുരങ്കത്തിനുള്ളിൽ തെരച്ചിൽ തുടരുകയാണ്. ഇവർ തുരങ്കത്തിൽ തന്നെ പെട്ടിരിക്കാമെന്നാണ് അധികൃതരുടെ അനുമാനം.

സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), ദേശീയ ദുരന്ത നിവാരണ സേന (NDRF), സി.ഐ.എസ്.എഫ്, പൊലീസ്, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ITBP) എന്നിവയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. തുരങ്കത്തിനുള്ളിലെ ശക്തമായ നീരൊഴുക്കും അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളും രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളിയാകുന്നുണ്ട്. അവശിഷ്ടങ്ങൾ നീക്കം ചെയ്ത ശേഷമേ ബാക്കിയുള്ളവർക്കായുള്ള പരിശോധന പൂർത്തിയാക്കാൻ കഴിയൂ.

Tags

Share this story

From Around the Web