നേപ്പാള്‍ മിന്നല്‍ പ്രളയം;ആശുപത്രികളില്‍ ഇടമില്ല, അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കാന്‍ തീരുമാനം
കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 626 ആയി. യുപി തീരങ്ങളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു. നേപ്പാള്‍ ദുരന്തത്തിനിരയായവരുടെ മൃതദേഹങ്ങളെന്നാണ് സംശയം. യുപി തീരങ്ങളില്‍ ഇതുവരെ ഒഴുകിയിത്തിയത് 10 മൃതദേഹങ്ങളാണ്. ഗണ്ഡക് നദിയില്‍നിന്നാണ് അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
114 ഇന്ത്യക്കാരെ ഇതുവരെ രക്ഷപ്പെടുത്തിയതായി നേപ്പാള്‍ ടൂറിസം ബോര്‍ഡ് വ്യക്തമാക്കി. വിദേശരാജ്യങ്ങളില്‍ നിന്നുള്ള 187 പേരാണ് ഇതുവരെ രക്ഷപ്പെടുത്തിയത് എന്നാണ് ബോര്‍ഡിന്റെ കണക്കുകള്‍. കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവച്ച ത്രിശൂലിയിലെ രക്ഷാദൗത്യം പുനരാരംഭിച്ചു.
തിരിച്ചറിയാത്ത 229 മൃതദേഹങ്ങള്‍ സംസ്‌കരിക്കാനാണ് തീരുമാനം. ചിത്വാനില്‍ കണ്ടെത്തിയ 233 മൃതദേഹങ്ങളില്‍ തിരിച്ചറിഞ്ഞത് 4 എണ്ണമാണ്. മൃതദേഹങ്ങള്‍ അഴുകി പകര്‍ച്ചവ്യാധി ഭീഷണി ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കാനാണ് തീരുമാനം. ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച ശേഷം ഭരത്പൂര്‍ ദേവഘട്ടില്‍ സംസ്‌കാരം നടത്തും. ആശുപത്രികളില്‍ മൃദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഇടമില്ലാത്തതും വലിയ വെല്ലുവിളിയാണ്.