നേപ്പാളില്‍ വീണ്ടും ഭീതിവിതച്ച് മിന്നല്‍ പ്രളയം; ഗൂര്‍ഖ ജില്ലയില്‍ വീടുകളും പാലങ്ങളും ഒലിച്ചുപോയി

 
nepal

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും വിനാശകരമായ മിന്നല്‍ പ്രളയം. ഗൂര്‍ഖ ജില്ലയിലെ ചുംനുബ്രി ഗ്രാമത്തിലുണ്ടായ പ്രളയത്തില്‍ 35-ലധികം വീടുകളും പാലങ്ങളും ഒലിച്ചുപോവുകയും പ്രാദേശിക ജലവൈദ്യുത പദ്ധതിക്ക് കടുത്ത കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ത്രിശൂലി നദിയുടെ കൈവഴിയായ ബുധി ഗന്ധകി നദിയില്‍ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതാണ് ദുരന്തത്തിന് കാരണമായത്.

രാവിലെ 6:30-ന് 3.66 മീറ്ററായിരുന്ന ജലനിരപ്പ് രാവിലെ 8:40 ഓടെ അപകടനിലയും കടന്ന് 8.43 മീറ്ററായി കുതിച്ചുയരുകയായിരുന്നുവെന്ന് നേപ്പാളിലെ നാഷണല്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ആന്‍ഡ് മാനേജ്മെന്റ് അതോറിറ്റി വ്യക്തമാക്കി. വെറും 10 മിനിറ്റിനുള്ളില്‍ ജലനിരപ്പ് രണ്ടു മീറ്ററിലധികം ഉയര്‍ന്നുവെന്നും, ഗതാഗത-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.


മഴയേക്കാള്‍ ഉപരി, നദിയിലെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ട് പിന്നീട് ഒന്നിച്ച് കരകവിഞ്ഞതാണ് പെട്ടെന്നുള്ള ഈ വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഇതുവരെ ജീവഹാനിയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി നദീതീരങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും താമസക്കാര്‍ ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നേപ്പാള്‍ സൈന്യത്തെ ദുരന്തമേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണവും പഠനവും നടത്തിയ സൈന്യം, ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന ജഗത് മേഖലയില്‍ നിന്ന് ആറുപേരെ എയര്‍ലിഫ്റ്റ് ചെയ്ത് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഓഗസ്റ്റില്‍ നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ അതിരൂക്ഷമായ പ്രളയത്തിന് പിന്നാലെയാണ് രാജ്യത്തെ വീണ്ടും ആശങ്കയിലാക്കി ഈ മിന്നല്‍ പ്രളയമുണ്ടായിരിക്കുന്നത്.

Tags

Share this story

From Around the Web