ജമ്മു കാശ്മീരിലും ഹിമാചല്‍പ്രദേശിലും ദുരിതം വിതച്ച് മിന്നല്‍ പ്രളയവും മേഘവിസ്‌ഫോടനവും.

 
DELHI RAIN

ജമ്മു:ജമ്മു കാശ്മീരിലും ഹിമാചല്‍പ്രദേശിലും ദുരിതം വിതച്ച് മിന്നല്‍ പ്രളയവും മേഘവിസ്‌ഫോടനവും. പ്രകൃതി ദുരത്തില്‍ മരണസംഖ്യ 60 ആയി ഉയര്‍ന്നു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ദില്ലി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ മഴ നാശം വിതയ്ക്കുകയാണ്.

ജമ്മു കാശ്മീരില്‍ തുടര്‍ച്ചയായി രണ്ടിടങ്ങളിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും മരണസംഖ്യ ഉയരുകയാണ്. കിഷ്ത്വാറിലെ ചോസിതിയിലും പഹല്‍ഗാമിലുമായിരുന്നു മേഘവിസ്‌ഫോടനം. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു.

160 പേരെ രക്ഷപ്പെടുത്തിയെങ്കിലും ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ദേശീയ ദുരന്തനിവാരണ സേന, വ്യോമ കരസേനകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.

 പ്രതികൂലമായ കാലാവസ്ഥയും റോഡുകള്‍ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കിയിരിക്കുകയാണ്. സമുദ്രനിരപ്പില്‍ നിന്നും 9500 അടി ഉയരത്തിലുളള ചോസിതി ഗ്രാമത്തിലൂടെ കടന്നു പോയ മച്ചൈല്‍ മാതാ തീര്‍ത്ഥാടനത്തിനായി എത്തിയവരാണ് കാണാതായവരില്‍ ഭൂരിഭാഗവും.

ഈ ഗ്രാമത്തില്‍ നിന്നാണ് ശ്രീകോവിലിലേക്കുള്ള അവസാന 8.5 കിലോമീറ്റര്‍ ട്രെക്കിംഗ് ആരംഭിക്കുന്നത്. ദുര്‍ഘടമായ ഭൂപ്രകൃതി നിറഞ്ഞ പ്രദേശത്ത് രക്ഷാദൗത്യത്തിനുളള സജ്ജീകരണങ്ങള്‍ എത്തിക്കുന്നതും ശ്രമകരമാണ്.

കനത്ത മണ്‍സൂണ്‍ മഴ, ഉത്തരാഖണ്ഡ്, ഹിമാചല്‍, ദില്ലി ഉള്‍പ്പെടെ ഉത്തരേന്ത്യയെ സാരമായി ബാധിച്ചിട്ടുണ്ട്. ഉത്തരകാശിയിലെ ധരാലിയില്‍ മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ടവരെ ഇപ്പോഴും പുറത്തെടുത്തിട്ടില്ല. ഹിമാചല്‍ പ്രദേശിലെ ഷിംല ലാഹോള്‍,കുളു, സ്പിതി എന്നിവിടങ്ങളില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Tags

Share this story

From Around the Web