വീടിനകത്തും രക്ഷയില്ല: അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ വീടിനകത്ത് കയറി തെരുവ് നായ കടിച്ചു
മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ വീടിനകത്ത് കയറി തെരുവ് നായ കടിച്ചു.
ഒതുക്കുങ്ങല്‍ തൊടുകുത്തുപറമ്പില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. കുട്ടിയുടെ തലയ്ക്കും കൈയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
ബന്ധുവീട്ടില്‍ വിവാഹത്തിനായി വിരുന്നെത്തിയ മുഹമ്മദ് റാഫി-ജൗഹറ ദമ്പതികളുടെ മകന്‍ ഹനി അസീമി(5 മാസം)നാണ് കടിയേറ്റത്. കുട്ടിയുടെ മുഖത്തും, ചെവിയിലും, തലയ്ക്കും കയ്യിലും കടിയേറ്റു.
കുട്ടിയെ ആദ്യം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ മറ്റത്തൂരങ്ങാടി, മുസ്ലിയാരങ്ങാടി, മുനമ്പത്ത്, എന്നിവിടങ്ങളിലും ശനിയാഴ്ച മറ്റു മൂന്ന് പേര്‍ക്ക് കൂടി തെരുവ് നായയുടെ കടിയേറ്റു.
രാവിലെ മദ്രസയില്‍ പോവുകയായിരുന്ന മറ്റത്തൂരങ്ങാടി പുളിക്കല്‍ റിഷാദ് അലി, മുസ്ലിയാരങ്ങാടിയിലുള്ള നാരായണന്‍, മുനമ്പത്ത് സൈനബ എന്നിവര്‍ക്കാണ് നായയുടെ അക്രമണത്തില്‍ പരിക്കേറ്റത്.