പുതിയ സൗഹൃദങ്ങള്‍ സ്ഥാപിക്കാന്‍ ഭയപ്പെടുന്നവര്‍ക്കുള്ള അഞ്ച് ടിപ്സ്
പുതിയ സൗഹൃദങ്ങള്‍ സ്ഥാപിക്കാന്‍ ഭയപ്പെടുന്നവരാണോ നിങ്ങള്‍? പുതുതായി പരിചയപ്പെടുന്ന ആളുകളോട് സംസാരിക്കാന്‍ പലരും മടി കാണിക്കാറുണ്ട്. അങ്ങോട്ട് പോയി സംസാരിച്ചാല്‍ എന്ത് വിചാരിക്കും, ഓവറാണെന്ന് കരുതുമോ, എനിക്ക് പറ്റിയ ആളാണോ അങ്ങനെ ഒരുപാട് സംശയങ്ങളായിരിക്കും ഇത്തരക്കാരില്‍ ഉണ്ടാകുക.
ആദ്യമായി കാണുന്ന ഒരാളാണെങ്കില്‍ സംശയങ്ങള്‍ കൂടുകയും ചെയ്യും. നിങ്ങളും ഇതുപോലെ ബുദ്ധിമുട്ടുന്നവരാണെങ്കില്‍ അനുയോജ്യരായ സുഹൃത്തുക്കളെ എങ്ങനെ കണ്ടെത്താമെന്ന് നോക്കാം. ഇതിന് അഞ്ച് പ്രധാനപ്പെട്ട വഴികളാണുള്ളത്.
വികാരങ്ങളെ മാനിക്കുന്നവരെ കണ്ടെത്തുക/തിരിച്ചറിയുക
നമ്മള്‍ പറയുന്ന കാര്യങ്ങള്‍ എപ്പോഴും ശരിവെക്കുന്നവരല്ല, മറിച്ച് നമ്മുടെ വികാരങ്ങളെ ചെറുതാക്കി കാണാതെ പറയുന്ന കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുന്നവരെ സുഹൃത്തായി തിരഞ്ഞെടുക്കാം.
സന്തോഷത്തില്‍ പങ്കുചേരുന്നവര്‍
നമ്മുടെ വീഴ്ചകളില്‍ താങ്ങാകുകയും ജീവിതത്തില്‍ നല്ലൊരു കാര്യം നടക്കുമ്പോള്‍ നിങ്ങള്‍ക്കൊപ്പം ആത്മാര്‍ഥമായി സന്തോഷിക്കുന്നവരുമായിരിക്കും യഥാര്‍ത്ഥ സുഹൃത്തുക്കള്‍.
വ്യക്തിഗത വളര്‍ച്ചയെ പിന്തുണക്കുന്നവര്‍
നിങ്ങളുടെ താത്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നവരെ സുഹൃത്തുക്കളായി കണ്ടെത്താന്‍ ശ്രമിക്കണം.
നിങ്ങള്‍ക്കായി സമയം കണ്ടെത്തുന്നുന്നവര്‍
ഒരാള്‍ മാത്രം വിചാരിച്ചാല്‍ ബന്ധങ്ങള്‍ മുന്നോട്ടുപോകില്ല. ഇരുവശത്തുനിന്നും ഒരുമിച്ച് സമയം ചെലവഴിക്കാന്‍ തയ്യാറാകണം. ആരോഗ്യകരമായ ഒരു സൗഹൃദബന്ധത്തില്‍ ആരും സ്‌കോര്‍ ചെയ്യേണ്ടതില്ലെങ്കിലും ഒരാള്‍ മാത്രം എപ്പോഴും കഷ്ടപെടുക എന്നത് ശരിയല്ല.
നിങ്ങളുടെ സാന്നിധ്യത്തിന് പ്രാധാന്യം നല്‍കുന്നവര്‍
നിങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ ഓര്‍ത്തുവെക്കുകയും നിങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവരും നിങ്ങളുടെ സുഹൃദ് വലയത്തില്‍ ഉണ്ടാകേണ്ടതുണ്ട്.