നമ്മുടെ ദൈനംദിന തിരക്കുകള്‍ക്കിടയിലും ദൈവത്തോട് ചേര്‍ന്നുനില്‍ക്കാന്‍ സഹായിക്കുന്ന അഞ്ചു പ്രായോഗിക വഴികള്‍
തിരക്കുകള്‍ക്കിടയിലും ദൈവത്തോട് ചേര്‍ന്നുനില്‍ക്കാന്‍ അമ്മമാരെ സഹായിക്കുന്ന അഞ്ചു മാര്‍ഗങ്ങള്‍
കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ നോക്കല്‍, വീട്ടുജോലികള്‍, ജോലിസ്ഥലത്തെ ഉത്തരവാദിത്തങ്ങള്‍... ഒരു അമ്മയുടെ ജീവിതത്തില്‍ ശാന്തമായി അല്പസമയം ഇരുന്ന് പ്രാര്‍ഥിക്കുക എന്നത് പലപ്പോഴും ഒരു സ്വപ്നം മാത്രമായി മാറാറുണ്ട്. മുന്‍പ് മണിക്കൂറുകളോളം പ്രാര്‍ഥനയില്‍ ചെലവഴിച്ചിരുന്നവര്‍ പോലും അമ്മയാകുന്നതോടെ ''അയ്യോ, ഇന്ന് എനിക്ക് പ്രാര്‍ഥിക്കാന്‍ പറ്റിയില്ലല്ലോ'' എന്ന കുറ്റബോധത്തിലാകാറുണ്ട്.
എന്നാല്‍, പ്രാര്‍ഥന എന്നത് ഏകാന്തമായ ഒരു മുറിയില്‍ മണിക്കൂറുകളോളം തിരി കത്തിച്ചുവച്ച് നടത്തുന്ന ഒന്നില്‍ മാത്രം ഒതുങ്ങേണ്ടതില്ല. നമ്മുടെ ദൈനംദിന തിരക്കുകള്‍ക്കിടയിലും ദൈവത്തോട് ചേര്‍ന്നുനില്‍ക്കാന്‍ സഹായിക്കുന്ന അഞ്ചു പ്രായോഗിക വഴികള്‍ ഇതാ:
1 . പ്രാര്‍ഥനയെ ദിവസത്തില്‍ പല സമയങ്ങളിലായി ക്രമീകരിക്കുക
മുഴുവനായി ഒരു മണിക്കൂര്‍ പ്രാര്‍ഥനയ്ക്കായി മാറ്റിവെക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിഷമിക്കേണ്ടതില്ല. പകരം, ആ സമയം ദിവസത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തോ പതിനഞ്ചോ മിനിറ്റുകള്‍ വീതം വീതിച്ചെടുക്കുക. രാവിലത്തെ ശാന്തമായ 10 മിനിറ്റ്, ഉച്ചയ്ക്ക് കുട്ടികള്‍ ഉറങ്ങുമ്പോഴുള്ള കുറച്ചു സമയം, രാത്രിയിലെ അല്പസമയം - ഇങ്ങനെ ദിവസത്തിലുടനീളം പ്രാര്‍ഥനയെ കൂടെക്കൂട്ടുന്നത് വലിയൊരു ഭാരമായി തോന്നുകയുമില്ല, പ്രാര്‍ഥനാജീവിതം തടസ്സപ്പെടുകയുമില്ല.
2 . ജീവിത പങ്കാളിയുടെ സഹായം തേടുക
പ്രാര്‍ഥനയ്ക്കായി നിങ്ങള്‍ക്കും സമയം ആവശ്യമാണ്. ആഴ്ചയില്‍ ഒരു ദിവസമോ അല്ലെങ്കില്‍ സൗകര്യപ്രദമായ ഒരു സമയത്തോ കുട്ടികളെ നോക്കാനും വീട്ടുജോലികളില്‍ സഹായിക്കാനും ഭര്‍ത്താവിനോട് തുറന്നു സംസാരിക്കുക. ആ സമയത്ത് നിങ്ങള്‍ക്ക് സ്വസ്ഥമായി പള്ളിയില്‍ പോകാനോ, വ്യക്തിപരമായ ധ്യാനത്തില്‍ ഏര്‍പ്പെടാനോ സാധിക്കും. പരസ്പരം മാറിമാറി ഇത്തരം സമയങ്ങള്‍ കണ്ടെത്തുന്നത് രണ്ടുപേരുടെയും ആത്മീയ ജീവിതത്തിന് കരുത്തേകും.
3 . കുടുംബത്തോടൊപ്പം പ്രാര്‍ഥിക്കുക
ചെറിയ കുട്ടികളുള്ള വീട്ടില്‍ എല്ലാവരും ഒന്നിച്ച് പ്രാര്‍ഥിക്കുമ്പോള്‍ അവര്‍ അടങ്ങിയിരിക്കണമെന്നില്ല; കുസൃതികളും ബഹളങ്ങളും ഉണ്ടായേക്കാം. എന്നാല്‍ അതില്‍ നിരാശരാകാതിരിക്കുക. കുട്ടികള്‍ വളരുന്നതിനനുസരിച്ച് അവര്‍ നിശബ്ദരായി പ്രാര്‍ഥിക്കാന്‍ പഠിച്ചുകൊള്ളും. പൂര്‍ണതയുള്ള പ്രാര്‍ഥനയേക്കാള്‍ പ്രധാനം, കുടുംബമായി ഒരുമിച്ചിരുന്ന് പ്രാര്‍ഥിക്കുന്ന ആ ശീലം നിലനിര്‍ത്തുക എന്നതാണ്.
4 . യാത്രകളെ പ്രാര്‍ഥനാ സമയമാക്കുക
കുട്ടികളെ സ്‌കൂളിലോ മറ്റ് ക്ലാസുകളിലോ കൊണ്ടുപോകുന്നതിനായി വാഹനങ്ങള്‍ ഓടിക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ ഉള്ള സമയം കാര്യക്ഷമമായി ഉപയോഗിക്കാം. റേഡിയോയോ മറ്റ് വിനോദങ്ങളോ കേള്‍ക്കുന്നതിന് പകരം, കുടുംബമായി ഒരു ജപമാല ചൊല്ലാനോ, നല്ല ഭക്തിഗാനങ്ങളോ കുട്ടികള്‍ക്കായുള്ള ആത്മീയ കഥകളോ (Podcasts) കേള്‍ക്കാനോ ഈ സമയം ഉപയോഗപ്പെടുത്താം.
5 . ദൈനംദിന ജോലികളെ പ്രാര്‍ഥനയാക്കി മാറ്റുക
വീട്ടിലെ ജോലികള്‍ ചെയ്യുമ്പോള്‍ ''ഇന്നത്തെ എന്റെ ജോലി ഇന്നയാളുടെ ആവശ്യങ്ങള്‍ക്കായി ഞാന്‍ കാഴ്ചവെക്കുന്നു'' എന്ന് മനസ്സില്‍ വിചാരിക്കുക. ഇത്തരത്തില്‍ ജോലികളെ പ്രാര്‍ഥനയാക്കുന്നത് ദൈനംദിന കടമകളെ കൂടുതല്‍ അര്‍ഥവത്താക്കുകയും ദൈവ സാന്നിധ്യം എപ്പോഴും അനുഭവപ്പെടാന്‍ സഹായിക്കുകയും ചെയ്യും.
ഓര്‍ക്കുക ദൈവം ഒരു അമ്മയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് മണിക്കൂറുകളോളം നീളുന്ന പ്രാര്‍ഥനകളല്ല; മറിച്ച്, നിങ്ങളുടെ ഈ വലിയ ഉത്തരവാദിത്വത്തിനിടയിലും അവനിലേക്ക് ഉയരുന്ന സ്‌നേഹവും നന്ദിയുമുള്ള ചെറിയൊരു മനസ്സിനെയാണ്.